കോഴിക്കോട്: വേനലില്‍ റമദാൻ പകലുകളിലെ നോമ്ബിനും രാത്രിയുടെ ഏകാന്തതയിലുണർന്ന പ്രാർഥനകളും കൊണ്ട് നേടിയ ആത്മീയ ഉണർവോടെ തിങ്കളാഴ്ച നാട് പെരുന്നാള്‍ ആഘോഷിക്കും.
ഞായറാഴ്ച മാസപ്പിറവി കണ്ടതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ചയാണെന്ന് ഖാദിമാർ പ്രഖ്യാപിച്ചു. ഒമാൻ ഒഴിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ചയായിരുന്നു ചെറിയ പെരുന്നാള്‍. ശനിയാഴ്ച മാസപ്പിറവി കണ്ടതിന്റെയടിസ്ഥാനത്തിലാണ് സൗദിയും തുടർന്ന് യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലും പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ഈദ്ഗാഹുകളിലും പള്ളികളിലും രാവിലെ പെരുന്നാള്‍ നമസ്കാരം നടക്കും.
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഈദുല്‍ ഫിത്ർ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എം. ടി അബ്ദുല്ല മുസ്‍ലിയാർ, കൊയ്യോട് ഉമർ മുസ്‍ലിയാർ എന്നിവർ അറിയിച്ചു. തിങ്കളാഴ്ച പെരുന്നാളായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാ അത്ത് ഖാദിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവരും, പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി (കെ.എൻ.എം) ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവിയും പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, തിരുവനന്തപുരം വലിയ ഖാദി ചന്തിരൂര്‍ വി.എം. അബ്ദുല്ല മൗലവി, നായിബ് ഖാദിമാരായ കെ.കെ. സുലൈമാന്‍ മൗലവി, എ. ആബിദ് മൗലവി എന്നിവരും കേരള ഖത്തീബ്സ് ആന്‍ഡ് ഖാദി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി എന്നിവരും അറിയിച്ചു.