കണ്ണൂർ : മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായുള്ള പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലെ പരാമർശം സംഭവത്തില്‍ തുടക്കത്തിലേ സംശയിക്കപ്പെടുന്ന ദുരൂഹതകളുടെ ആക്കം വർധിപ്പിക്കുകയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ മാർട്ടിൻ ജോർജ്.
ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ള ഈ പരാമര്‍ശം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലോ എഫ്ഐആറിലോ ഇല്ലാത്തത് കേസ് അട്ടിമറിക്കാനുള്ള ഇടപെടലിൻ്റെ ഭാഗമാണെന്ന് കരുതേണ്ടി വരും.
നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പറയുന്ന പോലീസും സർക്കാരും സിബിഐ അന്വേഷണത്തെ ഹൈക്കോടതിയില്‍ എതിർക്കുന്നത് എന്തിനാണ്? സത്യം പുറത്തു വരുമെന്ന ഭയം കൊണ്ടല്ലേ..? ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്ബില്‍വെച്ച് അധിക്ഷേപിച്ചതിലുള്ള മാനസിക വിഷമത്തില്‍ നവീൻ ബാബു തൂങ്ങിമരിച്ചു എന്ന പോലീസ് കണ്ടെത്തലിനപ്പുറം ആസൂത്രിത ഗൂഢാലോചന സംഭവത്തില്‍ നടന്നിട്ടുണ്ടെന്ന സംശയം നാള്‍ക്കു നാള് ബലപ്പെടുകയാണ്.
മറ്റാരെയൊക്കെയോ രക്ഷപ്പെടുത്താൻ എന്തൊക്കെയോ മറച്ചു വെക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ സിബിഐ ക്ക് അന്വേഷണം കൈമാറി നവീൻ ബാബുവിൻ്റെ മരണത്തിലെ യഥാർത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടു വരണമെന്ന് അഡ്വ മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു