നിതീഷ് കുമാർ എൻ.ഡി.എയ്‌ക്കൊപ്പം ചേർന്നാലും ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി

നിതീഷ് കുമാർ എൻ.ഡി.എയ്‌ക്കൊപ്പം ചേർന്നാലും ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി
alternatetext

കൊല്‍ക്കത്ത: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു തലവനുമായ നിതീഷ് കുമാർ എൻ.ഡി.എയ്‌ക്കൊപ്പം ചേർന്നാലും ഇൻഡ്യ സഖ്യത്തെ ബാധിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. നിതീഷിന്റെ വിശ്വാസത്യയാണു നഷ്ടപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു. രാജ്ഭവനില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമത.

”ബിഹാറിലെ ജനങ്ങളുടെ കണ്ണില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അദ്ദേഹം മുന്നണി വിട്ടാല്‍ തേജസ്വി യാദവിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. ബിഹാറില്‍ കൂടുതല്‍ സുഗമമായി മുന്നോട്ടുപോകാൻ അതു സഹായിക്കും”-മമത അഭിപ്രായപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രാദേശിക കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു അവർ വിശദീകരിച്ചത്.

കോണ്‍ഗ്രസ് സംസ്ഥാന ഘടകം കൂടുതല്‍ സീറ്റില്‍ അവകാശവാദം ഉന്നയിച്ചു രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു മമതയുടെ പ്രഖ്യാപനം. എന്നാല്‍, മമതയില്ലാതെ ഇൻഡ്യ മുന്നണിയെക്കുറിച്ച്‌ ചിന്തിക്കാനാകില്ലെന്നാണ് ഇതിനോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. ബംഗാളില്‍ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും. തൃണമൂലുമായുള്ള പ്രശ്‌നങ്ങള്‍ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ബി.ജെ.പിയെ തോല്‍പ്പിക്കുകയാണ് മമതയുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി