നീറ്റ് കേസ്; നിലപാട് അറിയിക്കാൻ കേന്ദ്ര സര്‍ക്കാറിന് ഒരു ദിവസത്തെ സമയം നല്‍കി സുപ്രീംകോടതി

നീറ്റ് കേസ്; നിലപാട് അറിയിക്കാൻ കേന്ദ്ര സര്‍ക്കാറിന് ഒരു ദിവസത്തെ സമയം നല്‍കി സുപ്രീംകോടതി
alternatetext

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം അനുവദിച്ചു നല്‍കി സുപ്രീംകോടതി. ചോദ്യപ്പേപ്പർ പുറത്തുപോയെന്ന് വ്യക്തമായ സ്ഥിതിക്ക് ചോർച്ചയുടെ വ്യാപ്തി കേന്ദ്രം കണ്ടെത്തണം. അഭിഭാഷകർ ഒരുമിച്ചിരുന്ന് വാദങ്ങള്‍ തയാറാക്കി കോടതിയില്‍ സമർപ്പിക്കണമെന്നും കുറച്ചുപേർക്ക് മാത്രമെങ്കില്‍ പരിമിത രീതിയില്‍ പുനഃപരീക്ഷ നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു.

പുനഃപരീക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കോടതി നിർദേശപ്രകാരം ബുധനാഴ്ച മറുപടി നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു. പേപ്പർ ചോർന്നെന്ന് വ്യക്തമായിട്ടും അതിന്‍റെ വ്യാപ്തി കണ്ടെത്താനായോ എന്ന് കോടതി സർക്കാറിനോട് ചോദിച്ചു. ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കിയ ശേഷം മാത്രമേ പുനഃപരീക്ഷാ വേണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാവൂ.

എങ്ങനെയാണ് ചോദ്യപ്പേപ്പർ വിവിധ നഗരങ്ങളിലേക്ക് അയച്ചതെന്നും രണ്ട് സെറ്റ് ചോദ്യപ്പേപ്പറും ഒരാള്‍ തന്നെയാണോ തയാറാക്കിയതെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളാണ് ആദ്യം കോടതിയുടെ പരിഗണനയിലെത്തിയത്. ക്രമക്കേട് നടന്നെന്നും ചോദ്യപ്പേപ്പർ ചോർന്നെന്നും ബിഹാർ പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായെന്ന് ഹരജിക്കാർ ചൂണ്ടിക്കാണിച്ചു.

പ്രിന്റിങ് പ്രസ്സുകളില്‍നിന്ന് പേപ്പറുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എങ്ങനെയാണ് എത്തിക്കുന്നതെന്നും കോടതി ചോദിച്ചു. വിഷയം പഠിക്കാൻ വിദഗ്ധ സമിതി വേണ്ടിവന്നേക്കാമെന്നും കോടതി വ്യക്തമാക്കി. ഒരു കേന്ദ്രത്തില്‍ മാത്രമാണ് പേപ്പർ ചോർന്നതെന്ന് എൻ.ടിഎക്കു വേണ്ടി ഹാജരായ സോളിസ്റ്റർ ജനറല്‍ തുഷാർ മേത്ത അവകാശപ്പെട്ടു. ഇതിന്‍റെ പ്രയോജനം ലഭിച്ചരുടെ ഫലം തടഞ്ഞുവെച്ചന്നും തുഷാർ മേത്ത പറഞ്ഞു.

എന്നാല്‍ വ്യാപകമായി പേപ്പർ ചോർന്നെന്ന് ആരോപിച്ച ഹരജിക്കാർ ഝതിനായി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചു. രണ്ട് പേർ കുറ്റം ചെയ്തതിന് എല്ലാവരും പുനഃപരീക്ഷ എഴുതണമെന്ന് പറയാനാകില്ല. മറ്റുമാര്‍ഗമൊന്നും ഇല്ലെങ്കില്‍ മാത്രമെ പരീക്ഷ റദ്ദാക്കുന്നകാര്യം പരിഗണിക്കാനാകൂ. എന്ത് തീരുമാനിച്ചാലും 23 ലക്ഷം വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷ സംബന്ധിച്ച 38 ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ പി.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഹരജികളില്‍ വാദംകേള്‍ക്കുന്നത് വ്യാഴാഴ്ച തുടരും.