ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി)യുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം, നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യുടെ പ്രവർത്തനം തുടങ്ങിവയുമായി ബന്ധപ്പെട്ട് 26 ഹർജികളാണ് കോടതിയുടെ മുന്നിലുള്ളത്.
കഴിഞ്ഞ ആറിനു നടത്താനിരുന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് നടപടികള്‍ മാറ്റിവച്ചിരിക്കുകയാണ്. കോടതിയുടെ നിർദേശപ്രകാരമായിരിക്കും ഇനി പ്രവേശനനടപടികള്‍ ആരംഭിക്കുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. 1564 വിദ്യാർഥികള്‍ക്കാണ് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാർക്ക് ലഭിച്ചത്. ഇതു റദ്ദാക്കുന്നതായി എൻടിഎ ജൂണ്‍ 13ന് സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഈ വിദ്യാർഥികള്‍ക്ക് പുനഃപരീക്ഷ നടത്തുമെന്നും എൻടിഎ അന്ന് കോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കിയതായി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
അതേസമയം മറ്റു ഹർജികള്‍ ജൂലൈ എട്ടിലേക്കു മാറ്റുന്നതായി സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വ്യക്തമാക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റാനും സുപ്രീംകോടതി നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നാലെ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നുമുള്ള ആവശ്യവുമായി നിരവധി പേരാണു കോടതിയെ സമീപിച്ചത്. എന്നാല്‍ കൗണ്‍സലിംഗ് നടക്കട്ടേയെന്നായിരുന്നു സർക്കാരിന്റെയും എൻടിഎയുടെയും കോടതിയിലെ നിലപാട്. തുടർന്ന് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് കൗണ്‍സലിംഗ് മാറ്റാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ വ്യാപകമായി ക്രമക്കേടുകള്‍ റിപ്പോർട്ട് ചെയ്തതു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രത്തിനും മറ്റുള്ളവർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ജൂലൈ ആറിന് ആരംഭിക്കേണ്ടിയിരുന്ന കൗണ്‍സലിംഗ് നടപടികള്‍ ആരംഭിക്കാതിരുന്നത് മാധ്യമങ്ങളില്‍ റിപ്പോർട്ട് ചെയ്തതോടെ ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിരുന്നില്ല എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തുവന്നു. ഈ ദിവസം കൗണ്‍സലിംഗ് നടപടികള്‍ ആരംഭിക്കുമെന്നുള്ളത് അഭ്യൂഹങ്ങള്‍ മാത്രമായിരുന്നു എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള കൗണ്‍സലിംഗാണ് നിലവില്‍ തടസപ്പെട്ടിരിക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് നിരവധിപ്പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.