ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയതിന് പിന്നാലെ ഇന്നലെ ചേർന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗത്തില്‍ ഘടകകക്ഷികളെല്ലാം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഘടകകക്ഷികളുടെ അവകാശവാദം ബിജെപിക്ക് തലവേദനയാകുന്നു. മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച അവകാശ വാദങ്ങളെക്കാള്‍ ഘടകകക്ഷികള്‍ ആവശ്യപ്പെടുന്ന വകുപ്പുകളാണ് എൻഡിഎയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. റെയില്‍വേ, കൃഷി, ജല്‍ശക്തി, ഗതാഗത വകുപ്പുകള്‍ക്കാണ് വടംവലി ശക്തമാകുന്നത്.
ഇന്നലെ നടന്ന യോഗത്തില്‍ തന്നെ ഈ വകുപ്പുകള്‍ക്കായി ഒന്നിലേറെ പാർട്ടികള്‍ അവകാശ വാദം ഉന്നയിച്ചു എന്നാണ് റിപ്പോർട്ട്. ലോക്സഭാ സ്പീക്കർ പദവിയും ഘടക കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തെലുഗു ദേശം പാർട്ടിയാണ് ലോക്സഭാ സ്പീക്കർ പദവി തങ്ങള്‍ക്ക് വേണമെന്ന നിലപാടെടുത്തത്. ഇതിന് പുറമേ എട്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനവും ഒരു സഹമന്ത്രിസ്ഥാനവും തങ്ങള്‍ക്ക് വേണമെന്നും ടി.ഡി.പി. അധ്യക്ഷൻ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, പാർപ്പിട- നഗരവികസനം, കൃഷി, ജല്‍ശക്തി, ഐ.ടി, വിദ്യാഭ്യാസം, എന്നീ വകുപ്പുകളില്‍ ക്യാബിനറ്റ് പദവിയാണ് ആവശ്യപ്പെട്ടത്. ധനകാര്യവകുപ്പിലാണ് സഹമന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്. ആന്ധ്രയില്‍ 17 സീറ്റില്‍ മത്സരിച്ച ടി.ഡി.പി, 16 സീറ്റില്‍ വിജയിച്ച് എൻഡിഎയില്‍ രണ്ടാമത്തെ വലിയ പാർട്ടിയായി മാറിയിരുന്നു.
12 എംപിമാരുള്ള ജെഡിയു മൂന്ന് ക്യാബിനറ്റ് പദവികളാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് നിതീഷിന് താത്പര്യമെന്ന് റിപ്പോർട്ടുണ്ട്. ഗതാഗതമോ കൃഷിയോ ലഭിച്ചാല്‍ തൃപ്തരായേക്കുമെന്നും സൂചനയുണ്ട്. ഇതിനു പുറമേ സ്പീക്കർ സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാബിനറ്റ് പദവിയുള്ള ഒരുമന്ത്രിസ്ഥാനം എല്‍.ജെ.പി. നേതാവ് ചിരാഗ് ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇതില്‍ ഉറപ്പുലഭിച്ചിട്ടുണ്ടെന്നാണ് സൂചന. റെയില്‍വേ വകുപ്പ് ചോദിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ടുകള്‍. ഒരു സഹമന്ത്രിസ്ഥാനം കൂടെ എല്‍.ജെ.പി. ആവശ്യപ്പെട്ടേക്കും. ബിഹാറില്നിന്നുതന്നെയുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ജിതൻ റാം മഞ്ചിയും ഒരുമന്ത്രിസ്ഥാനം അവകാശപ്പെട്ടുവെന്ന് വിവരമുണ്ട്. കൃഷി വകുപ്പാണ് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടതെന്നാണ് വിവരം. എന്നാല്‍, കർണാടകയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുൻഗണനയെന്നും അത്തരം ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നുമാണ് കുമാരസ്വാമിയുടെ പരസ്യപ്രതികരണം.
അതേസമയം, മന്ത്രിസഭയിലെ കർണാടകയുടെ പ്രതിനിധ്യത്തെക്കുറിച്ച് മോദി തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ക്യാബിനറ്റ് പദവിയും രണ്ട് സഹമന്ത്രിസ്ഥാനവും ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്ദേ യോഗത്തില്‍ ചോദിച്ചുവെന്ന് വിവരമുണ്ട്. അതേസമയം, സർക്കാർ രൂപവത്കരണം വേഗത്തിലാക്കാൻ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും യോഗത്തില്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. നടപടികളില്‍ കാലതാമസമുണ്ടാകരുതെന്ന് നിതീഷ് യോഗത്തില്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു. എത്രയും പെട്ടന്ന് സർക്കാർ രൂപവത്കരണം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എൻ.ഡി.എ. സർക്കാർ ജൂണ്‍ എട്ട് ശനിയാഴ്ച സത്യപ്രതിജ്ഞചെയ്തേക്കുമെന്നാണ് വിവരം