സംസ്ഥാനത്ത് ഇന്നും മഴ തുടരും

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട്. ആറിടത്ത് യെല്ലോ. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. അതി തീവ്ര ന്യൂനമർദ്ദം സൗരാഷ്ട്ര കച്ച്‌ മേഖലക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇന്ന് രാവിലെയോടെ സൗരാഷ്ട്ര കച്ച്‌ തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലില്‍ എത്തിച്ചേരാൻ സാധ്യത. മധ്യ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു.

ഇന്ന് മധ്യ കിഴക്കൻ / വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാ പ്രദേശ് തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത വരും ദിവസങ്ങളിലും വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നല്‍ ജാഗ്രതാ നിർദ്ദേശം ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കേരള – ലക്ഷദ്വീപ്, കർണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ 31 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ അറബിക്കടല്‍, വടക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ പല ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.‌

ഗള്‍ഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, കർണാടക തീരം, കേരളം തീരങ്ങള്‍ ലക്ഷദ്വീപ് പ്രദേശം, മധ്യ അറബിക്കടലിന്റെ മിക്ക ഭാഗങ്ങളും, തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കൻ ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ മിക്ക ഭാഗങ്ങളും, വടക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കൻ ഭാഗങ്ങള്‍, വടക്കൻ ആന്ധ്രാ പ്രദേശം, വടക്കൻ ആൻഡമാൻ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത