സപ്ലൈകോ ഓണം ഫെയര്‍: സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ

സപ്ലൈകോ ഓണം ഫെയര്‍: സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ
alternatetext

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച്‌ സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സെപ്റ്റംബർ 6 മുതല്‍ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതല്‍ 14 വരെ താലൂക്ക് / നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ഓണം ഫെയറുകളിലൂടെ ലഭിക്കും.

ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികള്‍ സപ്ലൈകോ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്‌ലൈറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങള്‍ക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നല്‍കി.

നിലവില്‍ സപ്ലൈകോ വില്പനശാലകളില്‍ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച്‌ എല്ലാ വില്‍പന ശാലകളിലും എത്തിക്കും. പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങള്‍ക്ക് വൻവിലക്കുറവ് നല്‍കിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളില്‍ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകള്‍, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകള്‍, ഫ്ലോർ ക്ലീനറുകള്‍, ടോയ്‌ലറ്ററീസ്‌ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വിലക്കുറവ് നല്‍കും.

255 രൂപയുടെ ആറ് ശബരി ഉല്‍പ്പന്നങ്ങള്‍ 189 രൂപയ്ക്ക് നല്‍കുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. വിവിധ ബ്രാൻഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നല്‍കുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 വരെ ആയിരിക്കും ഇത്. പ്രമുഖ ബ്രാൻഡഡ് ഉല്‍പന്നങ്ങള്‍ക്ക് ആകർഷകമായ കോമ്ബോ ഓഫറുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറും ലഭ്യമാണ്.

തിരുവനന്തപുരം ജില്ലയില്‍ ഓണത്തിനു മുമ്ബ് സപ്ലൈകോയുടെ അഞ്ച് പുതിയ വില്‍പന ശാലകള്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്ബാർ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.

ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷൻ കടകള്‍ വഴി സെപ്റ്റംബർ 9 മുതല്‍ വിതരണം തുടങ്ങും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതല്‍ ഉദ്യോഗസ്ഥർ കിറ്റുകള്‍ നേരിട്ട് എത്തിക്കും. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സർക്കാർ ചെലവഴിക്കും. സംസ്ഥാനത്തെ എല്ലാ എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകള്‍ക്കും 10 കിലോ അരി 10.90 രൂപ നിരക്കില്‍ സ്പെഷ്യലായി വിതരണം ചെയ്യും.

സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പമാണ് മുൻഗണനേതര വിഭാഗക്കാർക്ക് സ്പെഷ്യല്‍ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉള്‍പ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകള്‍ക്ക് പ്രയോജനം ലഭിക്കും. സപ്ലൈകോ മുഖേന നിലവില്‍ നല്‍കി വരുന്ന അരി ഓണത്തോടനുബന്ധിച്ച്‌ 10 കിലോ ആയി വർധിപ്പിക്കും. മഞ്ഞക്കാർഡുടമകള്‍ക്ക് നല്‍കി വന്നിരുന്ന ഒരു കിലോ പഞ്ചസാര വിതരണം പുനരാരംഭിക്കും.