മാവേലിക്കരയിലെ ആറു വയസുകാരി നക്ഷത്രയുടെ കൊലപാതക കേസിൽ പ്രതിയായ ശ്രീമഹേഷിനെതിരെയുള്ള സാക്ഷി വിചാരണ നടപടികൾ ആരംഭിക്കുന്നതിന് പ്രോസിക്യൂഷൻ തയ്യാറാണെന്ന് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ വിചാരണ കോടതിയെ അറിയിച്ചിരുന്നു. കേസിൽ പ്രതിക്കെതിരെ മകളെ കൊലപ്പെടുത്തിയതിനുള്ള കൊലപാതകക്കുറ്റവും പ്രതിയുടെ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചതിന് വധ ശ്രമവും നിലനില്‍ക്കുമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് കൊലപാതക കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി കുറ്റപത്രം കോടതി പ്രതിയെ വായിച്ച് കേൾപ്പിക്കുകയും പ്രതി അത് നിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്ന് സാക്ഷി വിസ്താരം ജനുവരി 16 മുതൽ ആരംഭിക്കുവാൻ കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ കുറ്റപത്രം വായിച്ചപ്പോഴും പ്രതി നിസംഗനായി കുറ്റം നിഷേധിക്കുകയും ആയത് ഒപ്പിട്ടു കൊടുക്കുകയും ചെയ്ത ശേഷം തിരികെ പോകുന്ന വഴിക്കാണ് ആത്മഹത്യ ചെയ്തത്.ആലപ്പുഴ കോടതിയിലെ വിചാരണ കഴിഞ്ഞ് തിരികെ കൊണ്ടുപോകുമ്പോൾ ശാസ്താകോട്ടക്ക് സമീപത്ത് വച്ചാണ് ട്രയിനിൽ നിന്നു ചാടി മരിച്ചത്.