ഭൂചലനത്തില്‍ നടുങ്ങി തൃശൂര്‍

ഭൂചലനത്തില്‍ നടുങ്ങി തൃശൂര്‍
alternatetext

തൃശൂര്‍: ഭൂചലനത്തില്‍ ഭീതിയിലാഴ്ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വീടുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടമുണ്ടായി. ആളപായം ഉണ്ടായില്ലെങ്കിലും നാശനഷ്ടമുണ്ടായത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. തുടര്‍ചലനം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ശനിയാഴ്ച പകല്‍ ജനം കഴിഞ്ഞത്.

കുന്നംകുളം മേഖലയിലെ ചൊവ്വന്നൂര്‍, പഴഞ്ഞി, പോര്‍ക്കുളം കാട്ടകാമ്ബാല്‍, മങ്ങാട്, പെരുമ്ബിലാവ്, ചാലിശ്ശേരി എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഈ പ്രദേശങ്ങളില്‍ ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആര്‍ത്താറ്റ് ചീരംകുളം സ്വദേശി തോട്ടുപുറത്ത് വീട്ടില്‍ പ്രകാശിന്റെ വീടിനാണ് വലിയ നാശനഷ്ടമുണ്ടായത്.

വീടിന്റെ മുന്‍വശത്തെ മുറിയുടെ സണ്‍ഷൈഡും വീടിന്റെ ഉള്‍ഭാഗത്തെ ചുമരും തകര്‍ന്നിട്ടുണ്ട്. ഏതു നിമിഷവും തകര്‍ന്നു വീഴാറായ കിടപ്പുമുറി കവുങ്ങിന്റെ തണ്ടുകള്‍ ഉപയോഗിച്ചാണ് താങ്ങി നിര്‍ത്തിയിട്ടുള്ളത്. ആര്‍ത്താറ്റ് ആനായ്ക്കല്‍ തെക്കേക്കര പറമ്ബില്‍ അയ്യ, തിയ്യത്തു വീട്ടില്‍ സരസ്വതി, കൂരിപറമ്ബില്‍ രമണി, പഷണത്ത് വീട്ടില്‍ അജിത്ത് കുമാര്‍, കണ്ടാണശേരി കലാനഗറില്‍ അന്തിക്കാട് വീട്ടില്‍ റോസി എന്നിവരുടെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എയ്യാലില്‍ വീട്ടിലെ കിണറ്റില്‍ മണിക്കുറുകളോളം കുമിളകള്‍ പൊങ്ങുന്ന പ്രതിഭാസവും ഉണ്ടായി.

വിനോദിന്റെ വീട്ടിലെ കിണറ്റിലാണ് ഒരു മണിക്കൂര്‍ നേരം ഇത് നീണ്ടുനിന്നത്. വലിയ ശബ്ദത്തോടെയായിരുന്നു മൂന്ന് സെക്കന്റ് നേരം ഭൂചലനം അനുഭവപ്പെട്ടത്. പലരും ഭയപ്പെട്ട് ബഹളം വെച്ച്‌ റോഡിലേക്ക് ഇറങ്ങിയോടി. ഭൂചലനമാണെന്ന് ഉറപ്പാക്കിയതോടെ ജനം കൂടുതല്‍ ഭീതിയിലായി.

എരുമപ്പെട്ടി, വേലൂര്‍, കടങ്ങോട്, വരവൂര്‍, ചിറമനേങ്ങാട്, വെള്ളാറ്റഞ്ഞൂര്‍, കരിയന്നൂര്‍, നെല്ലുവായ്, കോട്ടപ്പുറം, കുണ്ടന്നൂര്‍, തിച്ചൂര്‍ എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായി. ഭൂമിക്കടിയില്‍നിന്ന് ഇടിമുഴക്കം പോലെയുള്ള ശബ്ദവും ഒപ്പം വൈദ്യുതാഘാതമേറ്റതുപോലുള്ള വിറയലുമാണ് അനുഭവപ്പെട്ടത്.

വീടുകളിലെ ചില്ല് ജനലുകളും ഗൃഹോപകരണങ്ങളും കുലുങ്ങി. പാത്രങ്ങള്‍ മറിഞ്ഞ് വീണു. ചില വീടുകളുടെ ചുമരുകളില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഗുരുവായൂര്‍ നഗരസഭ പ്രദേശത്തും കണ്ടാണശേരി പഞ്ചായത്തിലും ഭൂചലനം അനുഭവപ്പെട്ടു.

കണ്ടാണശേരി കൂനംമൂച്ചിയില്‍ അന്തിക്കാട്ട് ടോമിയുടെ വീടിന്റെ ഭിത്തിക്കും തറക്കും വിള്ളലുണ്ടായി. ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.ജില്ല ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, കുന്നംകുളം തഹസില്‍ദാര്‍ ഒ.ബി ഹേമ, അസി. ജിയോളജിസ്റ്റ് തുളസി രാജന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ടി.എ. തോംസണ്‍, ശ്രീകുമാര് തുടങ്ങിയവര്‍ ഭൂചലനമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.