നാലാം ഘട്ടം നാളെ ; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

നാലാം ഘട്ടം നാളെ ; 96 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
alternatetext

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാളെ നാലാംഘട്ടത്തിലേക്കു കടക്കുന്നു. പത്ത് സംസ്ഥാനങ്ങളിലെ 96 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന് ക്രമീകരണങ്ങള്‍ പൂർത്തിയായി. ഇന്നലെ വൈകുന്നേരം പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് വോട്ടർമാരെ നേരില്‍ക്കണ്ടും മറ്റും ജനവിധി അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണു സ്ഥാനാർഥികള്‍. തെലുങ്കാനയിലും (17) ആന്ധ്രപ്രദേശിലും (25 ) മുഴുവൻ സീറ്റുകളിലും നാളെയാണ് വോട്ടെടുപ്പ്.

ഇതോടൊപ്പം ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും നടത്തും. ജാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ പൊതുതെരഞ്ഞെടുപ്പിനു തുടക്കമാകുന്നത് നാലാംഘട്ടത്തിലാണ്. നാല്പതു മണ്ഡലങ്ങളുള്ള ബിഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ്. ജാര്‍ഖണ്ഡ് (14 സീറ്റുകളില്‍ നാലെണ്ണം), മധ്യപ്രദേശ് (29 സീറ്റുകളില്‍ എട്ടെണ്ണം), മഹാരാഷ്‌ട്ര (48 സീറ്റുകളില്‍ 11 എണ്ണം), ഒഡീഷ (21 സീറ്റുകളില്‍ നാലെണ്ണം) എന്നിവയും നാളെ പോളിംഗ്ബൂത്തിലേക്കു നീങ്ങും. തെലുങ്കാനയില്‍ ആകെയുള്ള 17 സീറ്റുകളിലേക്കും നാലാംഘട്ടത്തിലാണ് വോട്ടെടുപ്പ്.

ഉത്തര്‍പ്രദേശ് (80 സീറ്റുകളില്‍ 13 എണ്ണം), പശ്ചിമബംഗാള്‍ (42 സീറ്റുകളില്‍ എട്ടെണ്ണം) എന്നിവയ്ക്കൊപ്പം ജമ്മു കാഷ്മീരില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ ഒന്നും വോട്ടെടുപ്പിലേക്കു കടക്കും. ഏപ്രില്‍ 19 മുതല്‍ മൂന്നുഘട്ടങ്ങളിലായി 285 മണ്ഡലങ്ങളിലാണ് ഇതുവരെ വോട്ടെടുപ്പ് പൂർത്തിയായിരിക്കുന്നത്. മൂന്നാംഘട്ടത്തില്‍ 64.4 ശതമാനമായിരുന്നു പോളിംഗ്. ഒന്നാംഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാംഘട്ടത്തില്‍ 66.71 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ ഉയര്‍ന്ന പോളിംഗ് ആസാമിലും ഏറ്റവും കുറവ് പോളിംഗ് ഉത്തര്‍പ്രദേശിലുമാണ്.