എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ പുനരധിവാസ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.നടപടി വേഗത്തില്‍ പൂർത്തിയാക്കി, പദ്ധതി യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ആകെ 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 2,263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും എസ്റ്റേറ്റിന് പുറത്ത് സ്ഥിതിചെയ്യുന്ന 307 ഏക്കറും ഉള്‍പ്പെടുന്നു. ഭൂമി ഏറ്റെടുക്കലിലാണ് ഭരണാനുമതിയായിരിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് ഭൂമിയേറ്റെടുക്കല്‍ എത്രയും വേഗം പൂർത്തിയാക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
സാമൂഹിക ആഘാത വിലയിരുത്തല്‍ റിപ്പോർട്ട്, എസ്‌ഐഎ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിദഗ്ദ്ധ സമിതിയുടെ ശുപാർശകള്‍, ജില്ലാ കളക്ടറുടെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും, ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന പ്രദേശവാസികളുടെയും എതിർപ്പിനെത്തുടർന്ന് ഭൂമി ഏറ്റെടുക്കലിനും വേണ്ടിയുള്ള മുൻ വിജ്ഞാപനങ്ങള്‍ സർക്കാർ റദ്ദാക്കിയതിത്. ഇത് രണ്ടാം തവണയാണ് സർക്കാർ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയിലൂടെ കടന്നുപോകുന്നത്.