കട്ടപ്പന :കോവില്‍മല രാജപുരത്തിനുസമീപം കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച പുലർച്ചെ 12.30 ഓടെയാണ് തേക്കനാല്‍പടി, ഇല്ലിക്കല്‍മേട് തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ആന എത്തിയത്. തേക്കനാല്‍ മണി, ഒറ്റപ്ലാക്കല്‍ മുരളി, തേക്കനാല്‍ സരസമ്മ, ഒറ്റകല്ലുങ്കല്‍ ജോയി, കപ്പാട് റസാഖ് എന്നിവരുടെ പുരയിടങ്ങളിലെ ഏലം, വാഴ, കവുങ്ങ് ഉള്‍പ്പെടെ നശിപ്പിച്ചു. മണിക്കൂറുകള്‍ കൃഷിയിടങ്ങളില്‍ നിലയുറപ്പിച്ച കാട്ടാന വനത്തലേക്ക് പോയി. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങളായ ഇല്ലിക്കല്‍, മരുതുംചുവട്, അച്ചൻകടവ്, മഞ്ഞപാറ, പാമ്ബാടികുഴി, കുരിശുമല, സീതക്കയം എന്നിവിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. മുൻവർഷങ്ങളിലും കാട്ടാന കൃഷിനാശമുണ്ടാക്കിയിരുന്നു. വിളവെടുപ്പുകാലത്തെ കാട്ടാനശല്യം കർഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കാഞ്ചിയാർ റേഞ്ച് ഓഫീസർ അരുണ്‍ കുമാർ, മുരികാട്ടുക്കുടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി സന്തോഷ്, വനപാലകരായ എസ് ശ്രീജേഷ്, പി കെ സതീഷ്, ടി സി വിൻസെന്റ്, ടി എസ് ബിജുമോൻ തുടങ്ങിയവർ കോവില്‍മലയിലെത്തി പരശോധന നടത്തി.
2025-01-03