കൊച്ചി: മലയാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുതുവത്സര സമ്മാനമാണ് കെ സ്മാര്‍ട്ട് എന്ന് മന്ത്രി എം.ബി രാജേഷ്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെ-സ്‌മാര്‍ട്ട് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷൻ വിന്യസിക്കുന്നതിൻ്റെ സംസ്‌ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള നിര്‍മ്മിതിയിലേക്കുള്ള പുതിയ ചുവടുവെയ്പ്പാണ് കെ സ്മാര്‍ട്ട്. തദ്ദേശ സ്വയം സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്ബില്‍ ലഭ്യമാകും.
കെ സ്മാര്‍ട്ട് പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഓണ്‍ലൈനില്‍ തന്നെ വെരിഫിക്കേഷൻ പൂര്‍ത്തിയാക്കി ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ വെറും 30 സെക്കൻഡിനുള്ളില്‍ ലഭ്യമാകും. ജനന/മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ വാട്സ്‌ആപ്പിലും ഇ മെയിലിലും ലഭിക്കും. രാജ്യത്ത് ആദ്യമായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നത്. വീണ്ടും ഇന്ത്യക്ക് മാതൃകയാവുകയാണ് കേരളം.
എല്ലാ പൗരന്മാര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാണെന്ന് പ്രഖ്യപിച്ചുകൊണ്ട് നടപ്പിലാക്കിയ കെ ഫോണ്‍ പദ്ധതിക്ക് വൻ സ്വീകരയതയാണ് ലഭിച്ചത്. ഇന്ത്യയില്‍ ആദ്യത്തെ സമ്ബൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്നും നഗരസഭാ സെക്രെട്ടറിമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുത്താണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നാളെ മുതല്‍ കെ സ്മാര്‍ട്ടിന്റെ സേവനം എല്ലാവര്‍ക്കും ലഭ്യമാകും.
കെ സ്മാര്‍ട്ട് പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനായി റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജങ്ങള്‍ക്ക് സംശയനിവാരണത്തിനായി ആദ്യഘട്ടത്തില്‍ ഐ.കെ.എം ജീവനക്കാരെ വിന്യസിച്ചു നഗരസഭകളില്‍ ഹെല്‍പ് ഡെസ്ക്കുകള്‍ ആരംഭിക്കുമെന്നന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പും നഗരസഭകളും ഇൻഫര്‍മേഷൻ കേരള മിഷനും സംയുക്തമായി പ്രാവര്‍ത്തികമാക്കുന്ന കെ സ്മാര്‍ട്ട് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്. ഇത് സംബന്ധിച്ചു ഐ.കെ.എമ്മും കര്‍ണാടക മുനിസിപ്പല്‍ ടാറ്റാ സൊസൈറ്റിയും തമ്മില്‍ ധാരണ പത്രം കൈമാറി. കെ സ്മാര്‍ട്ടിന് ജനങ്ങള്‍ക്കിടയില്‍ വൻ സ്വീകാര്യത ലഭിക്കുമെന്നും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ സ്മാര്‍ട്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ വ്യവസായ വകുപ്പില്‍ ലഭിക്കുന്ന പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണാനാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ചടങ്ങില്‍ കെ സ്മാര്‍ട്ടിന്റെ മൊബൈല്‍ ആപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സ്മാര്‍ട്ട് കെ സ്വിഫ്റ്റ്മായി ബന്ധിപ്പിക്കണമെന്നും മലയാളികള്‍ക്ക് ലഭിക്കുന്ന അര്‍ത്ഥവത്തായ പുതുവത്സര സമ്മാനമാണിതെന്നും മന്ത്രി പറഞ്ഞു. കലൂര്‍ ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ നടന്ന പരിപാടിയില്‍ കെ – സ്മാര്‍ട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.