ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ.

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ.
alternatetext

ന്യൂഡല്‍ഹി: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയഭാവിയുടെ വിധിയെഴുത്തുകൂടിയാണ് നടക്കാനിരിക്കുന്നത്. അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണമാണ്. ഏഴ് ഘട്ടമായി നീളുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് നാളെയാണ്.

ആദ്യഘട്ടത്തില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. യു.പി, ബംഗാള്‍, ബിഹാർ സംസ്ഥാനങ്ങളില്‍ എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പ് ഉണ്ട്. നക്‌സല്‍ വേട്ട നടന്ന ഛത്തീസ്ഗഡിലെ ബസ്തറില്‍ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊണ്ടും കൊടുത്തും നേതാക്കള്‍ ആരോപണ പ്രത്യാരോപങ്ങളുടെ ശരമാരിയാണ് തീർത്തത്. 10 വർഷത്തെ ഭരണം ട്രെയ്ലർ മാത്രമാണന്നെനും യഥാർഥ വികസനം വരാൻ ഇരിക്കുന്നതേയുള്ളൂ എന്നായിരുന്നു മോദിയുടെ പ്രചാരണം.

ട്രെയ്ലർ ഇങ്ങനെയാന്നെങ്കില്‍ പടം ഇറങ്ങാനേ പോകുന്നില്ല എന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കൗണ്ടർ. വാക്‌പോര് കടുത്തതോടെ പലയിടത്തും നേതാക്കള്‍ നിയന്ത്രണ രേഖകള്‍ മറികടന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി റണ്‍ദീപ് സുർജേവാല അടക്കമുള്ള നേതാക്കളെ പ്രചാരണരംഗത്ത് നിന്ന് പോലും നടപടി എടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിനിർത്തി. ഗഡ്കരിയെ കൂടാതെ സർബാനന്ദ സോനാവാള്‍, ജിതിൻ റാം മാഞ്ചി, ജിതിൻ പ്രസാദ, നകുല്‍നാഥ്, കനിമൊഴി, അണ്ണാമലൈ എന്നിവരും അങ്കത്തട്ടിലുണ്ട്