ഭാരതം-ന്യൂസിലന്‍ഡ് മത്സരം ഉച്ചയ്‌ക്ക് 2.30ന്

alternatetext

ദുബായ്: മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ചാമ്ബ്യന്‍സ് ട്രോഫി കിരീടം തിരിച്ചുപടിക്കാന്‍ ഭാരതം ഇന്ന് ന്യൂസിലന്‍ഡിനെതിരെ. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 2.30ന് ഫൈനല്‍ പോര് തുടങ്ങും. ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ഭാരതത്തിന്റെ വരവ്. ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ന്യൂസിലന്‍ഡും എത്തുന്നത്.

ആ ഏക തോല്‍വി ഭാരതത്തോടായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇരുകൂട്ടരും കൊമ്ബുകോര്‍ക്കാനിറങ്ങുമ്ബോള്‍ മത്സരം പ്രവചനത്തിന് അതീതമാകുകയാണ്. രണ്ട് ടീമുകളും ഒപ്പത്തിനൊപ്പം കരുത്തുറ്റവര്‍. വേഗം കുറഞ്ഞ ദുബായ് പിച്ച്‌ വേഗത കുറഞ്ഞ വിക്കറ്റാണ് ദുബായിലേത്. ലീഗ് ഘട്ടത്തിലും സെമിയിലും നടന്ന മത്സരങ്ങളില്‍ നിന്നും വ്യത്യാസമുണ്ടാകാന്‍ സാധ്യത നന്നേ കുറവ്. രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്.

പക്ഷെ കാലാവസ്ഥയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടായാല്‍ പതിവ് കാഴ്‌ച്ചകള്‍ മാറിമറിഞ്ഞെന്നും വരാം. ഐസിസി നോക്കൗട്ടുകളില്‍ കിവീസിന് ആധിപത്യം ഐസിസിയിലെ ഫൈനലുകളടക്കമുള്ള നോക്കൗട്ട് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനാണ് ആധിപത്യം. 2000 ഐസിസി ചാമ്ബ്യന്‍സ് ട്രോഫി ഫൈനല്‍ അടക്കം മൂന്ന് കളികളില്‍ കിവീസ് ജയിച്ചപ്പോള്‍ 2023 ഏകദിന ലോകകപ്പ് സെമിയില്‍ മാത്രമാണ് ഭാരതത്തിന് അവരെ തോല്‍പ്പിക്കാന്‍ സാധിച്ചത്.

മാറ്റ് ഹെന്റി കളിക്കിറങ്ങുമെന്ന് പ്രതീക്ഷ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമി മത്സരത്തിനിടെ ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ മാറ്റ് ഹെന്റിക്ക് പരിക്കേറ്റിരുന്നു. പക്ഷെ ഫൈനല്‍ മത്സരം മുടക്കേണ്ടിവരില്ലെന്നാണ് കിവീസ് ക്യാമ്ബില്‍ നിന്നുയരുന്ന വാര്‍ത്തകള്‍. നിലവില്‍ മികച്ച ഫോമിലാണ് താരം. അതിനിടെയാണ് പരിക്ക് അലട്ടിയത്. അതിനാല്‍ ഫൈനല്‍ ഇലവനെ ടോസിന് തൊട്ടുമുമ്ബേ നിശ്ചയിക്കൂ.

നഥാന്‍ സ്മിത്തിനെ ഹെന്റിയുടെ പകരക്കാരനായി കരുതിവച്ചിട്ടുണ്ട്. മികച്ച ഫോമില്‍ സാന്റ്‌നര്‍, ബ്രെയ്‌സ്‌വെല്‍ ദുബായ് പിച്ച്‌ സ്പിന്നിനെ തുണയ്‌ക്കുന്നതാണ്. കിവീസ് സ്പിന്നര്‍മാരായ നായകന്‍ മിച്ചല്‍ സാന്റ്‌നറും മൈക്കല്‍ ബ്രെയ്‌സ്‌വെലും ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ്.

ഭാരതത്തിന്റെ മധ്യനിരയെ ലക്ഷ്യമിട്ടാണ് കിവീസ് നായകന്‍ ഉള്‍പ്പെടെയുള്ള സ്പിന്‍ നിര ഒരുങ്ങുന്നത്. ബാറ്റര്‍മാരും മികച്ച നിലയില്‍ കിവീസ് ബാറ്റര്‍മാരും ടൂര്‍ണമെന്റില്‍ മികവോടെയാണ് കളിച്ചുവരുന്നത്. കുറച്ചുകാലമായി മങ്ങി നിന്ന കെയ്ന്‍ വില്ല്യംസണ്‍ ഈ ടൂര്‍ണമെന്റോടുകൂടി ഫോമിലേക്കെത്തി.

ഭാരതത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ വില്ല്യംസണ്‍ ആയിരുന്നു ടോപ് സ്‌കോറര്‍. അപൂര്‍വ്വ നേട്ടവുമായി രോഹിത് വിവിധ ഐസിസി ചാമ്ബ്യന്‍ഷിപ്പുകളില്‍ എല്ലാത്തിലും ഭാരതത്തെ ഫൈനലിലെത്തിക്കാന്‍ സാധിച്ച അപൂര്‍വ്വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഭാരത നായകന്‍ രോഹിത് ശര്‍മ.

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് (2023),ലോകകപ്പ് (2023), ട്വന്റി20 ലോകകപ്പ് (2024) എന്നീ മൂന്ന് ചാമ്ബ്യന്‍ഷിപ്പുകളില്‍ ടീമിനെ ഫൈനലിലെത്തിച്ചു. ഇപ്പോള്‍ ഐസിസി ചാമ്ബ്യന്‍സ് ട്രോഫിയിലും. മാറ്റമില്ലാതെ ഭാരതം ദുബായിലെ പിച്ചിന്റെ സ്വഭാവം ശരിക്കും മനസ്സിലാക്കി രണ്ട് പേസര്‍മാരും നാല് സ്പിന്നര്‍മാരുമായാകും ഇന്നും കളിക്കിറങ്ങുക.

തുടരെ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവിന് പകരം ഹര്‍ഷിത് റാണയെയോ അര്‍ഷദ്വീപിനോയെ പരിഗണിക്കുന്നതും ഭാരത ക്യാമ്ബില്‍ ആലോചനയുണ്ട്. ഈ മാറ്റം സംഭവിച്ചില്ലെങ്കില്‍ മുഹമ്മദ് ഷമിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയാകും ന്യൂബോള്‍ എറിയും.