കുവൈറ്റില്‍ തീപ്പിടുത്തം;ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം

കുവൈറ്റില്‍ തീപ്പിടുത്തം;ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം
alternatetext

ന്യൂഡല്‍ഹി:കുവൈത്തിലെ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ച ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതം നല്‍കും.

കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്. 49 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. മരിച്ചവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നും പലരുടെയും മൃതദേഹം തിരിച്ചറിയാകാനാത്ത നിലയിലാണുള്ളതെന്നുമാണ് സൂചന. ദുരന്തത്തില്‍ 11 മലയാളികള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 40 ഇന്ത്യാക്കാർ മരിച്ചു. കുവൈറ്റിലെ സർക്കാർ ഏജൻസികള്‍ തീ പിടിത്തത്തില്‍ അന്വേഷണം തുടങ്ങി. അടുത്ത ദിവസങ്ങളില്‍ മറ്റ് തൊഴിലാളി ക്യാമ്ബുകളിലും പരിശോധന നടക്കും. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന എൻബിടിസി കമ്ബനിയുടെ ക്യാംപിലാണ് ദുരന്തമുണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലാണ് ഈ കമ്ബനി.

പ്രാദേശിക സമയം പുലർച്ചെ ആറ് മണിയോടെ ആയിരുന്നു സംഭവം. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തില്‍ നിന്ന് ചാടിയപ്പോഴുമാണ്. നോർക്ക ആസ്ഥാനത്ത് ഹെല്‍പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 18004253939 എന്ന നമ്ബറില്‍ ബന്ധപ്പെടാം. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം പുതിയ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈറ്റിലെത്തി. ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങള്‍ എത്രയുംവേഗം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.


10 മലയാളികളെ തിരിച്ചറി‍ഞ്ഞു. കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്ബാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കല്‍ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മൻ(37) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്. 5 പേർ വെന്റിലേറ്റിറലാണ്. ഇരയായവരെക്കുറിച്ച് ബന്ധുക്കൾ വിവരങ്ങൾ കൈമാറാൻ സ്ഥാനപതി കാര്യാലയം ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. നമ്പർ–+965-65505246. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം അനുശോചിച്ചു.

മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്.

തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ്
തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു