കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കിയ ജില്ലാ ഓഫീസ് സംവിധാനം പിൻവലിക്കുന്നു.

കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കിയ ജില്ലാ ഓഫീസ് സംവിധാനം പിൻവലിക്കുന്നു.
alternatetext

തിരുവനന്തപുരം: പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കിയ ജില്ലാ ഓഫീസ് സംവിധാനം പിൻവലിക്കുന്നു. മന്ത്രി കെ.ബി ഗണേഷ്കുമാറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ ഓഫീസുകള്‍ ഒഴിവാക്കി പഴയപടി ഡിപ്പോകളിലേക്ക് ഭരണം മാറ്റാനാണ് തീരുമാനം. പ്രൊഫ. സുശീല്‍ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒന്നരവർഷം മുമ്ബ് ഭരണവികേന്ദ്രീകരണം നടപ്പാക്കിയത്.

മധ്യനിര മാനേജ്മെന്റിലെ വീഴ്ച പരിഹരിക്കുന്നതിനായിരുന്നു ജില്ലാ ഓഫീസുകളിലേക്കുള്ള മാറ്റം. ഭരണച്ചെലവ് കുറയ്ക്കുകയായിരുന്നു ലക്ഷ്യം. ഇതില്‍ വിജയം നേടിയതായി മാനേജ്മെന്റ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മന്ത്രി മാറിയതോടെ അവകാശവാദങ്ങളും കീഴ്മേല്‍മറിഞ്ഞു. എല്‍.ഡി.എഫ് സർക്കാരിലെ ആദ്യ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ കാലഘട്ടത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇപ്പോള്‍ പിൻവലിക്കുന്നത്. ഓഫീസ് മാറ്റം ജീവനക്കാരെയും വലയ്ക്കും.

ഡിപ്പോകളിലൂടെ ഓഫീസ് സംവിധാനം ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റിയപ്പോള്‍ സർവീസ് രേഖകള്‍ ഉള്‍പ്പടെ പലതും നഷ്ടമായിരുന്നു. ഓഫീസുകള്‍ തിരിച്ച്‌ മാറ്റുമ്ബോഴും ഇതേ ബുദ്ധിമുട്ട് ഉണ്ടാകാനിടയുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ രണ്ടര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയില്‍ നടപ്പാക്കിയ പല പരിഷ്കാരങ്ങളും ഇപ്പോള്‍ നഷ്ടമെന്ന് കണ്ട് പിൻവലിക്കുന്നുണ്ട്.

ഇലക്‌ട്രിക് ബസുകള്‍ ലാഭകരമല്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജില്ലാ വർക്ക്ഷോപ്പുകളും നിർത്തിയിരുന്നു. കരാർ അടിസ്ഥാനത്തില്‍ നിയോഗിച്ച ഫിനാൻസ് മാനേജർ ഉള്‍പ്പെടെയുള്ള ഏഴ് ഉദ്യോഗസ്ഥരെ പെട്ടെന്ന് ഒഴിവാക്കുകയും ചെയ്തു.