ചെന്നൈ∙ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കര്‍ണാടകത്തിനും തുല്യ അവകാശം. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വര്‍ഷങ്ങളോളമായി ഉപയോഗിക്കുന്ന പേര് ഒരു സംസ്ഥാനത്തിനായി മാത്രം നല്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
കേരളത്തിലേയും കര്‍ണാടകത്തിലേയും സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ക്ക് പേര് ഒന്നു തന്നെയാണ്. കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും, കര്‍ണാടക റോഡ് ട്രാന്‍സ് പോര്‍ട്ട് കോര്‍പ്പറേഷനും എന്നാണ് അറിയപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ കെഎസ്ആര്‍ടിസി ബസ് എന്ന് ടൈപ്പ് ചെയ്താല്‍ രണ്ടും പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും ആശയക്കുഴപ്പവും ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ആയിരുന്നു കേരളം ഹര്‍ജി നല്‍കിയിരുന്നത്.
1937 ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് കേരളത്തില്‍ പൊതു ഗതാഗത സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ 1973 ആണ് കര്‍ണാടക സര്‍ക്കാര്‍ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാന്‍ തുടങ്ങിയത്.