കോട്ടയം പാസ്പോർട്ട് സേവാകേന്ദ്രത്തിന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. രാജ്യത്ത് സുതാര്യവും വേഗത്തിലുമുള്ള പാസ്പോർട്ട് സേവനം ലഭ്യമാക്കാൻ വിദേശകാര്യമന്ത്രാലയം പ്രയത്നിക്കുകയാണെന്ന് മുരളീധരൻ പറഞ്ഞു.പാസ്പോർട്ട് സേവ പ്രോഗ്രാമിന്‍റെ രണ്ടാം പതിപ്പ് തയാറായി വരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സമീപഭാവിയിൽ തന്നെ ഇ-പാസ്പോർട്ട് സംവിധാനം നിലവിൽ വരുമെന്നും ഇതോടെ വ്യാജപാസ്പോർട്ട് പോലുള്ള വെല്ലുവിളികൾ കുറയുമെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.പാസ്പോർട്ട് സേവനങ്ങളുടെ കാര്യത്തിൽ 2014 ന് ശേഷം വലിയ പുരോഗതി രാജ്യത്ത് ഉണ്ടായി. നാട്ടിൻപുറങ്ങളിൽ നിന്നുള്ളവർക്ക് പാസ്പോർട്ട് സേവനം ലഭിക്കാൻ കിലോമീറ്ററുകൾ യാത്ര ചെയ്യുകയും മണിക്കൂറുകൾ ക്യൂ നില്ക്കുകയും ചെയ്യേണ്ടി വന്നിരുന്ന സാഹചര്യം മാറിയെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം സുരക്ഷ ഭീഷണി മൂലം തൽക്കാലത്തേക്ക് അടച്ചപ്പോൾ നടന്ന വ്യാജപ്രചാരണങ്ങളെ പൊളിച്ചെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുരളീധരൻ പറഞ്ഞു. കോട്ടയത്ത് ഇനി സേവാകേന്ദ്രമില്ലെന്ന് പ്രഖ്യാപിച്ച്, നരേന്ദ്രമോദിക്കെതിരെ സമരം ചെയ്യാൻ പോലും പലരും മുതിർന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.പുതിയ മന്ദിരം വേഗത്തിൽ പ്രവർത്തനക്ഷമമാക്കുന്നതിന് പ്രവർത്തിച്ച വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ മന്ത്രി അനുമോദിച്ചു