കോതമംഗലം: ജനവാസ മേഖലയിൽ ഇറങ്ങി കാട്ടാനകൾ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്ന വാർത്തകൾ നിത്യസംഭവമായിരിക്കുന്ന ഈ സമയത്ത് കോതമംഗലം പൂയംകുട്ടിയിലും നാശനഷ്ടം വിതച്ച കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം പൂയംകുട്ടി വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ– ശാരദ ദമ്പതികളുടെ വീട് തകർത്തത്.
രാമചന്ദ്രൻ മീൻ പിടിക്കാൻ പോയതിനാൽ തനിച്ചായ ശാരദ അടുത്തുള്ള മകൻ്റെ വീട്ടിലേക്ക് പോയതിനാൽ അപകടം ഒഴിവായി. സമീപത്തുള്ള മറ്റൊരു മകൻ്റെ വീടിൻ്റെ അടുക്കള വാതിലും തകർത്ത കാട്ടാനക്കൂട്ടം കൃഷിയിടവും നശിപ്പിച്ചാണ് മടങ്ങിയത്. സംഭവസ്ഥലത്ത് എത്തിയ വനപാലകർ സ്ഥിതിഗതികൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.