കൊച്ചിയില്‍ 4000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കപ്പല്‍ നിര്‍മാണ വ്യവസായ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടതടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കപ്പല്‍ശാലയിലെ പുതിയ ഡ്രൈഡോക്, കപ്പല്‍ അറ്റകുറ്റപ്പണിക്കുള്ള അന്താരാഷ്ട്ര കേന്ദ്രം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എല്‍.പി.ജി. ഇറക്കുമതി ടെര്‍മിനല്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി കൊച്ചി കപ്പല്‍ശാലയിലെത്തി വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.