കൊച്ചി മെട്രോയില്‍ നാളെ മുതല്‍ കൂടുതല്‍ സര്‍വിസുകള്‍. പീക്ക് അവേഴ്സില്‍ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളയില്‍ ട്രെയിനുകള്‍, പ്രതിദിനം 8 അധിക സര്‍വിസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ക്രമീകരണം.പ്രവൃത്തി ദിവസങ്ങളിലെ തിരക്കേറിയ സമയങ്ങളില്‍ സർവിസുകളുടെ എണ്ണം വർധിപ്പിച്ച് കൊച്ചി മെട്രോ. ഈ സമയങ്ങളില്‍ യാത്രക്കാരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ്, നാളെ മുതല്‍ (ജൂലൈ 22) കൂടുതല്‍ സർവിസ് ഏർപ്പെടുത്താൻ തീരുമാനിച്ചത്.
രാവിലെ 8.00 മുതല്‍ 10.00 വരെയും, വൈകീട്ട് 4.00 മുതല്‍ 7.00 വരെയുമുള്ള പീക്ക് അവേഴ്സില്‍ ട്രെയിനുകള്‍ 6 മിനിറ്റ് 45 സെക്കൻഡ് ഇടവേളകളില്‍ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ സമയങ്ങളില്‍ പ്രതിദിനം എട്ട് അധിക ട്രെയിൻ സർവിസുകള്‍ കൂടി പുതുതായി ആരംഭിക്കും. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള ദിവസങ്ങളിലെ തിരക്ക് കുറക്കാനും യാത്ര കൂടുതല്‍ സുഗമമാക്കാനുമാണ് ഈ ക്രമീകരണം. കഴിഞ്ഞ മൂന്ന് മാസമായി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ വർധന രേഖപ്പെടുത്തിയിരുന്നു. ഈ പുതിയ ക്രമീകരണത്തിലൂടെ യാത്രക്കാർക്ക് സ്റ്റേഷനുകളില്‍ ട്രെയിനിനായി കാത്തുനില്‍ക്കുന്ന സമയം ഗണ്യമായി കുറക്കാൻ സാധിക്കും.
കൂടാതെ, തിരക്ക് നിയന്ത്രിക്കാനും കൂടുതല്‍ വേഗമേറിയതും സുഗമവും വിശ്വാസ്യതയുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. അതേസമയം, അധിക സർവിസുകള്‍ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ യാത്രക്കാരുടെ പ്രതികരണം, യാത്രക്കാരുടെ എണ്ണം, പ്രവർത്തനക്ഷമത എന്നിവ വിലയിരുത്തിയ ശേഷം തുടർ നടപടികള്‍ സ്വീകരിക്കും.
കൊച്ചി മെട്രോയുടെ നോണ്‍-ഫെയർ റവന്യൂ പദ്ധതിയുടെ ഭാഗമായി കുസാറ്റ് മെട്രോ സ്റ്റേഷനില്‍ നിർമിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) കൊച്ചി കാമ്പസ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കെ.എം.ആർ.എല്ലും ഐ.ഐ.എം കോഴിക്കോടും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ഡ് -ടു -സ്യൂട്ട് മാതൃകയിലാണ് കാമ്പസ് നിർമിച്ചിരിക്കുന്നത്.


