വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തൊഴിൽമേഖലയുമായി ബന്ധപ്പെടാനാകണം: മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്ക് പഠനകാലയളവിൽ തൊഴിൽമേഖലയുമായി ബന്ധപ്പെടാനാകണം: മുഖ്യമന്ത്രി
alternatetext

അക്കാദമിക വ്യവസായ മേഖലകൾ പരസ്പരം ബന്ധപ്പെടാത്ത സാഹചര്യം മാറി പഠനകാലയളവിൽ തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുളള തൊഴിൽ മേഖലയുമായി ബന്ധപ്പെടാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള കണക്ട് കരിയർ ടു ക്യാമ്പസ്, ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങിയ പദ്ധതികൾ അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സഹായകമായ ഇടപെടലുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്യമ 1.0 യുടെ സമാപന സമ്മേളനം മാസ്‌കറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്താകമാനം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും സാങ്കേതിക രംഗത്താകെയും ചടുലമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. മുമ്പൊക്കെ വിദ്യാഭ്യാസം വേറെ, തൊഴിൽ വേറെ എന്നൊരു ധാരണ നിലനിന്നിരുന്നു. എന്നാൽ കാലക്രമത്തിൽ അതിനു മാറ്റം വരുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തിനു കൂടുതൽ മേൽക്കൈ ഉണ്ടാവുകയാണ് ചെയ്യുന്നത്.

2050 ഓടെ ലോകത്ത് ഉയർന്നുവരുന്ന ഭൂരിഭാഗം തൊഴിലുകളും ശാസ്ത്ര – സാങ്കേതിക – എഞ്ചിനീയറിംഗ് മേഖലകളിൽ നിന്നായിരിക്കുമെന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്. എന്നാൽ പലപ്പോഴും സാങ്കേതിക വിദ്യാഭ്യാസവും വ്യവസായ മേഖലയും പരസ്പരം ബന്ധപ്പെടാതെ കിടന്ന ഒരവസ്ഥ ഉണ്ടായിരുന്നു. സാങ്കേതിക വിദ്യാഭ്യാസം ഒരു വഴിക്ക് നടക്കുന്നു. അതിനുശേഷം ചില കമ്പനികൾ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ തൊഴിൽ നൽകുന്നതിനായി തെരഞ്ഞെടുക്കുന്നു. പിന്നീട് അവരുടേതായ ചില ബ്രിഡ്ജ് കോഴ്‌സുകൾ പഠിപ്പിച്ച് വിദ്യാർത്ഥികളെ തൊഴിലാളികളായി ആ സ്ഥാപനത്തിന്റെ ഭാഗമാക്കുന്നു. ഇതാണ് പൊതുവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിനു മാറ്റം ഉണ്ടാവേണ്ടതുണ്ട്.

അക്കാദമിക വ്യാവസായിക സഹകരണം ഉറപ്പുവരുത്താൻ സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ തുടർച്ചയായാണ് കോൺക്ലേവിനെ സർക്കാർ കാണുന്നത്. തൊഴിൽസേനയ്ക്ക് സഹായകരമാകുംവിധമുള്ള നൈപുണ്യം വിദ്യാർത്ഥികളിൽ എത്തിക്കാനും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭകരും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കാനും ലോകത്താകമാനം ഉണ്ടാകുന്ന നൂതന മുന്നേറ്റങ്ങൾക്കനുസൃതമായുള്ള അക്കാദമിക പഠന ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാനും  കോൺക്ലേവിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺക്ലേവിലൂടെ ഉയർന്നുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് തയ്യാറാക്കിയ വിഷൻ ഡോക്യുമെന്റ് മുഖ്യമന്ത്രി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവിന് കൈമാറി പ്രകാശനം ചെയ്തു.

മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കൊളീജിയേറ്റ് എജ്യൂക്കേഷൻ ഡയറക്ടർ സുധീർ കെ, ടിസിഎസ് കേരള വൈസ് പ്രസിഡന്റ് ദിനേശ് പി തമ്പി, ടെക്നിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ഡോ ഷാലിജ് പി ആർ,  ഉദ്യമ കോഓർഡിനേറ്റർ ഡോ ആശാലത ആർ തുടങ്ങിയവർ സംബന്ധിച്ചു.