തൃശൂര്‍: കേച്ചേരി കൈപ്പറമ്ബില്‍ കിണറ്റില്‍ വീണ യുവതിയെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു. കൈപ്പറമ്ബ് സ്വദേശിനി പറയമ്ബള്ളം വീട്ടില്‍ സ്വപ്ന ബാലചന്ദ്രനെ (42) യാണ് കുന്നംകുളം അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രക്ഷിച്ചത്.
കഴിഞ്ഞ രാത്രിയാണ് സംഭവം. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആള്‍മറയുള്ള വീട്ടുകിണറ്റില്‍ യുവതിയെ കണ്ടെത്തിയത്. 50 അടി താഴ്ചയുള്ള കിണറ്റില്‍ 12 അടി വെള്ളമുണ്ടായിരുന്നു. കിണറ്റില്‍ വീണ യുവതി മോട്ടോര്‍ പമ്ബ്‌സെറ്റിന്റെ കയറില്‍ കുരുങ്ങി കിടന്നു. നാട്ടുകാര്‍ വിവരമറിയിച്ചതോടെ കുന്നംകുളം അഗ്‌നിരക്ഷസേന സ്റ്റേഷന്‍ ഓഫീസര്‍ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ ഫയര്‍മാന്‍ ശ്യം കിണറ്റിലിറങ്ങി വല ഉപയോഗിച്ചാണ് യുവതിയെ കരയ്ക്ക് കയറ്റിയത്. തുടര്‍ന്ന് കേച്ചേരി ആക്‌ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരായ അസി. സ്റ്റേഷന്‍ ഓഫീസര്‍ ജയകുമാര്‍, ദിലീപ് കുമാര്‍, നിക്‌സണ്‍ പോള്‍, പവിത്രന്‍, അമല്‍, ജിഷ്ണു, നിഖില്‍ ശ്രീനിവാസ്, എസ്. സനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന സംഘമാണ് യുവതിയെ രക്ഷപ്പെടുത്തിയത്.