തിരുവനന്തപുരം: കിഫ്ബി വായ്പകള്‍ സർക്കാർ വായ്പയെല്ലന്ന സംസ്ഥാന സർക്കാർ വാദം തള്ളി കംട്രോളർ ആൻഡ് ഓഡിറ്റ് ജനറല്‍ (സി.എ.ജി) റിപ്പോർട്ട്. കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ലാത്തതിനാലും സംസ്ഥാന സർക്കാർ എല്ലാ വർഷവും ബജറ്റിലൂടെ സ്വന്തം വരുമാനം മാറ്റി കിഫ്ബിയുടെ കടബാധ്യതകള്‍ തീർക്കുന്നതിനാലും സർക്കാറിന്‍റെ വാദം സ്വീകാര്യമല്ലെന്നാണ് സി.എ.ജിയുടെ 2021-22 വർഷത്തെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
കിഫ്ബി എടുക്കുന്ന വായ്പകള്‍ സംസ്ഥാന സർക്കാറിന്‍റെ നേരിട്ടുള്ള ബാധ്യതയാണ്. അതുകൊണ്ടുതന്നെ ഇവ ബജറ്റിന് പുറത്തുള്ള വായ്പതന്നെയെന്നും സി.എ.ജി . പെട്രോളിയം സെസും മോട്ടോർ വാഹനനികുതിയില്‍ 50 ശതമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിനായി നീക്കിവെച്ചിട്ടുമുണ്ട്. ബജറ്റില്‍ കിഫ്ബിയെടുത്ത 13,066.18 കോടിയുടെയും പെൻഷൻ കമ്ബനിയെടുത്ത 11,206.49 കോടിയുടെയും വായ്പകളെ കുറിച്ച് ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. ഈ രണ്ട് സ്ഥാപനങ്ങളുടെയും ബജറ്റിന് പുറത്തുള്ള കടമെടുക്കല്‍ 24,272 കോടിയാണ്.
ബജറ്റിന് പുറത്തുള്ള കടമെടുക്കല്‍ വെളിപ്പെടുത്താത്തത് മൂലം നിയമസഭയുടെ പൊതുസാമ്ബത്തിക മാനേജ്മെന്‍റ്, മേല്‍നോട്ടം എന്നീ ഉത്തരവാദിത്വങ്ങളില്‍ വെള്ളം ചേർക്കുന്ന ഫലമുണ്ടാക്കി. റവന്യൂകമ്മി പൂർണമായും ഇല്ലാതാക്കി റവന്യൂമിച്ചം നേടുക എന്ന ലക്ഷ്യം 2017-18 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ഒരു തവണയൊഴികെ (2019-20) കൈവരിക്കാനായില്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു.