മാസപ്പടി കേസ്: എസ്‌എഫ്‌ഐഒ കുറ്റപത്രത്തില്‍ തുടര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു

alternatetext

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടില്‍ ക്രമക്കേടു നടന്നെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്‌ (എസ്‌എഫ്‌ഐഒ) അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

പ്രതിസ്ഥാനത്തുള്ള, മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു സമന്‍സ് അയയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സ്റ്റേ. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതെന്ന, സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ടിആര്‍ രവിയുടെ നടപടി.

സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. രണ്ടു മാസത്തേക്കു തുടര്‍ നടപടി നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറിലെ എസ്‌എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് കോടതി സ്വീകരിച്ചത്. കേസിലെ പതിനൊന്നാം പ്രതിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സമന്‍സ് അയക്കാനിരിക്കെയാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്‌ കേസില്‍ 13 പ്രതികളാണുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാംപ്രതി. കമ്ബനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച്‌ വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്‌എഫ്‌ഐഒ ചുമത്തിയത്.

സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്ബത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ആദായ നികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം.