ഹരിപ്പാട് രാകേഷ് തിരോധാനം : പോലിസ് റിപ്പോർട്ട് ഹാജരാക്കിയില്ല

alternatetext

ഹരിപ്പാട് താമല്ലാക്കൽ സ്വദേശിയായ രാകേഷിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്തതാണെന്ന് ആരോപിച്ച് രാകേഷിൻ്റെ മാതാവ് ഫയൽ ചെയ്ത ഹർജിയിൽ പോലിസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കിയില്ല.

പോലിസ് റിപ്പോർട്ടിനായി കേസ് ഇന്ന് ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മനീഷ കെ ഭദ്രൻ മുമ്പാകെ പരിഗണിച്ചപ്പോളാണ് കേസിലെ അന്വേഷണ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ഹാജരാക്കാതിരുന്നിട്ടുള്ളത്.

തൻ്റെ മകനെ കൊലപ്പെടുത്തുവാൻ നേതൃത്വം കൊടുത്ത പ്രതികളുടെ പേരും കൊലപ്പെടുത്തുവാനുള്ള കാരണവും കാണിച്ച് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ റിപ്പോർട്ടുപോലും ഫയൽ ചെയ്യാതെ തികച്ചും നിരുത്തരവാദിത്വപരമായ നിലപാടാണ് പോലിസ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും പ്രതികളിലേക്ക് അന്വേഷണം തിരിയുന്ന ഘട്ടത്തിൽ അവരെ രക്ഷപെടുത്തുവാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്നും രാകേഷിൻ്റെ അമ്മ അറിയിച്ചു. അഭിഭാഷകനുമായി ആലോചിച്ച ശേഷം തൻ്റെ മകൻ്റെ കൊലയാളികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാനുള്ള എല്ലാ തുടർ നടപടികളുമായും താൻ ശക്തമായിത്തന്നെ മുന്നോട്ട് പോകുമെന്ന് രാകേഷിൻ്റെ അമ്മ പറഞ്ഞു.

നേരത്തെ, രാകേഷിൻ്റെ തിരോധാനം കൊലപാതകമാണെന്നും അതിന് നേതൃത്വം കൊടുത്തവർക്ക് തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശമുണ്ടെന്നും അഡ്വ പ്രതാപ് ജി പടിക്കൽ മുഖേന സമർപ്പിച്ച ഹർജിയിൽ രാകേഷിൻ്റെ മാതാവ് ആരോപിച്ചിരുന്നു. തുടർന്ന് പ്രതികൾ എന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകളിൽ പോലിസ് നടത്തിയ റെയ്ഡിൽ വിദേശ നിർമ്മിത തോക്കും തിരകളും ആയുധങ്ങളും കണ്ടെത്തിയിരുന്നു.

കേസിൽ രാകേഷിൻ്റെ മാതാവിന് വേണ്ടി പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.