കേന്ദ്ര വനംവകുപ്പ് വിവിധ തസ്തികകളിലേക്ക് നടന്ന എഴുത്തുപരീക്ഷയിൽ ആൾമാറാട്ടം; എട്ടു പേർ അറസ്റ്റിൽ

കേന്ദ്ര വനംവകുപ്പ് വിവിധ തസ്തികകളിലേക്ക് നടന്ന എഴുത്തുപരീക്ഷയിൽ ആൾമാറാട്ടം; എട്ടു പേർ അറസ്റ്റിൽ
alternatetext

ചെന്നൈ: കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന് കീഴില്‍ കോയമ്ബത്തൂരിലെ മേട്ടുപാളയം റോഡിലെ ഗവ. ഫോറസ്റ്റ് ജനിറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളിലേക്ക് നടന്ന എഴുത്തുപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ എട്ടു വടക്കെ ഇന്ത്യക്കാരെ പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ ഋഷി കുമാർ (26), ബിപൻ കുമാർ (26), പ്രശാന്ത് സിങ് (26), നരേന്ദ്ര കുമാർ (24), രാജസ്ഥാനില്‍ നിന്നുള്ള ലോകേഷ് മീണ (24), അശോക് കുമാർ മീണ (26), ഹരിയാനക്കാരായ സുബ്രം (26), ബിഹാർ സ്വദേശി രാജൻ ഗർഗണ്ട് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ടെക്നീഷ്യൻ, അസി.ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് ഫെബ്രു. എട്ട്, ഒമ്ബത് തീയതികളിലായി നടന്ന എഴുത്തു പരീക്ഷയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉദ്യോഗാർഥികള്‍ പങ്കെടുത്തിരുന്നു. വിജയിച്ചവരെ അഭിമുഖത്തിനായി ക്ഷണിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. എഴുത്തുപരീക്ഷ സമയത്ത് ശേഖരിച്ച വിരലടയാളങ്ങളും ഇന്റർവ്യൂവിനെത്തിയവരുടെ വിരലടയാളങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർ പൊലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു.