കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ കഴമ്ബില്ലെന്ന് പൊലീസ്

കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ കഴമ്ബില്ലെന്ന് പൊലീസ്
alternatetext

ആലപ്പുഴ: കെ.എസ്.യു സംസ്ഥാന കണ്‍വീനര്‍ അൻസില്‍ ജലീല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ കഴമ്ബില്ലെന്ന് പൊലീസ്. ആറു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍, അൻസില്‍ ജലീലിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതി വ്യാജമാണെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2013-2016 അധ്യയന വര്‍ഷത്തില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ബി.കോം പാസായെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിക്കുകയും അതില്‍ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിടുകയും ചെയ്തതായി കന്റോണ്‍മെന്റ് പൊലീസിന്റെ എഫ്.ഐ.ആറില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച്‌ അത് യഥാര്‍ഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സര്‍വകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരുന്നത്. മുന്‍ എസ്.ഐഫ്.ഐ നേതാവ് കെ. വിദ്യ ഗെസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അന്‍സില്‍ ജലീലിനെതിരെ ആരോപണവുമായി സി.പി.എം മുഖപത്രം രംഗത്തെത്തിയത്.

അതേസമയം, ഇത്തരമൊരു സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു അൻസിലിന്റെ നിലപാട്. സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ എസ്.പിക്ക് പരാതിയും നല്‍കി. കെ.എസ്.യുവിനെ അപമാനിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തന്റെ പേരിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണമെന്നും അൻസില്‍ ആരോപിച്ചിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കാത്ത താൻ തുടര്‍പഠനത്തിനോ ജോലിക്കോ എവിടെയും ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും ആലപ്പുഴയില്‍ ചായക്കട നടത്തിയാണ് ജീവിക്കുന്നതെന്നും അൻസില്‍ വ്യക്തമാക്കിയിരുന്നു.