കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്താൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റില്‍. കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. അരുണ്‍ പ്രസാദ് എന്നയാളെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയത്. ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി റെയില്‍വേ ക്രോസ്സില്‍ ഇട്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സംഘത്തിലൊരാളുടെ ഫോണ്‍ പോലീസിന് കൈമാറി എന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. നിന്നെ വെട്ടി റെഡിയാക്കുമെന്നും കൊലക്കേസൊന്നുമല്ല ജാമ്യം കിട്ടുമെന്നും പ്രതികള്‍ പറയുന്നത് വീഡിയോയിലുണ്ട്. ക്രൂരമർദ്ദനത്തില്‍ അരുണിന്റെ വലതു ചെവിയുടെ ഡയഫ്രം പൊട്ടി. ഇതോടെ വലത് ചെവിയുടെ കേള്‍വി നഷ്ടമായി. ഇയാള്‍ ചികിത്സയിലാണ് . അരുണിന്റെ ഐഫോണും വാച്ചും പ്രതികള്‍ കവർന്നു.
വെള്ളിയാഴ്ച രാത്രി 11 മണിക്ക് നടന്ന ചില സംഭവങ്ങളാണ് തട്ടിക്കൊണ്ടുപോയി ആക്രമത്തിലേക്ക് കലാശിച്ചത്. ഒരു സംഘം പൊലീസ് സിവില്‍ ഡ്രസ്സില്‍ കായംകുളത്തെ കടയില്‍ ചായകുടിക്കാനെത്തിയിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ ഗുണ്ടാ സംഘത്തിലെ ചിലർ സിഗരറ്റ് വലിച്ചു. ഇത് പൊലീസുകാർ ചോദ്യം ചെയ്തതോടെ പൊലീസും യുവാക്കളുമായി സംഘർഷമുണ്ടായി. സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോണ്‍ നഷ്ടപ്പെട്ടു. ഈ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചത് മർദ്ദനമേറ്റ അരുണ്‍ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.