കര്‍ഷക രോഷം സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് രമേശ് ചെന്നിത്തല

കര്‍ഷക രോഷം സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് രമേശ് ചെന്നിത്തല
alternatetext

തിരുവനന്തപുരം: കര്‍ഷക രോഷം സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്കുനടത്തിയ കര്‍ഷക മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായരുന്നു അദ്ദേഹം. സമാനതകള്‍ ഇല്ലാത്ത വിധത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ദ്രോഹ നടപടികള്‍ തുടരുകയാണ്. റബര്‍ കര്‍ഷകര്‍ കൃഷിപൂര്‍ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

250 രൂപ തറവില നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ റബ്ബര്‍ കര്‍ഷകരെ വഞ്ചിച്ച്‌ അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാര്‍ വിലനല്‍കില്ലെന്ന് മാത്രമല്ല കാലാകാലങ്ങളില്‍ നല്‍കുന്ന ഇന്‍സെന്റീവുപോലും നല്‍കാന്‍ തയാറാവുന്നില്ല. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാരുകള്‍ കര്‍ഷകദ്രോഹനടപടിയില്‍ മല്‍സരിക്കുകയാണ്. കേരളത്തിലെ എല്ലാ കാര്‍ഷിക മേഖലകളും തകര്‍ച്ചയിലാണ്. വനം വന്യജീവി നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക ദ്രേഹ നടപടികള്‍ രാജ്യം ചര്‍ച്ച ചെയ്യുമെന്നും ഭാരതം ഫാസിസ്റ്റ് ശക്തികളില്‍ നിന്നും മുക്തി നേടുമെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു. മാര്‍ച്ചില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പാലോട് രവി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍, മുന്‍ എം.എല്‍.എ ശരത്ചന്ദ്രപ്രസാദ്, കര്‍ഷക കോണ്‍ഗ്രസ് നേതാക്കളായ എ.ഡി സാബൂസ്, അടയമണ്‍ മുരളീധരന്‍, തോംസണ്‍ ലോറന്‍സ്, അഡ്വ. ബാബു. ജി ഈശോ, പഴകുളം സതീഷ്, റോയി തങ്കച്ചന്‍. അഡ്വ. എം. ഒ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. റബ്ബര്‍ കര്‍ഷകരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ സെക്രട്ടറിയേറ്റു നടയില്‍ കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ റബര്‍ ഷീറ്റുകത്തിച്ച്‌ പ്രതിഷേധിച്ചു.