കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഡി-ഡാഡ് സെന്ററുമായി കേരള പൊലീസ്

alternatetext

തിരുവനന്തപുരം: കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ച്‌ കേരളാ പൊലീസിന്റെ സോഷ്യല്‍ പൊലീസിങ് ഡിവിഷന്‍.

ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിങിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച്‌ മാതാപിതാക്കള്‍ക്കുള്‍പ്പെടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ചെയ്യുന്നത്.

കൊച്ചി സിറ്റിയില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്രധാന സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നഗര പരിധിയില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു സബ് സെന്ററും ആഴ്ചയില്‍ രണ്ട് ദിവസം എന്ന ക്രമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.