കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്‌ അസിസ്‌റ്റന്റും ഫീല്‍ഡ്‌ അസിസ്‌റ്റന്റും വിജിലന്‍സ്‌ പിടിയില്‍.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്‌ അസിസ്‌റ്റന്റും ഫീല്‍ഡ്‌ അസിസ്‌റ്റന്റും വിജിലന്‍സ്‌ പിടിയില്‍.
alternatetext

പുന്നപ്ര:കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ്‌ അസിസ്‌റ്റന്റും ഫീല്‍ഡ്‌ അസിസ്‌റ്റന്റും വിജിലന്‍സ്‌ പിടിയില്‍. പുന്നപ്ര വില്ലേജ്‌ അസിസ്‌റ്റന്റ്‌ വിനോദും ഫീല്‍ഡ്‌ അസിസ്‌റ്റന്റ്‌ അശോകനുമാണ്‌ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്‌. പുന്നപ്ര സ്വദേശിയുടെ പരാതിയുടെ അടിസ്‌ഥാനത്തിലായിരുന്നു വിജിലന്‍സ്‌ പരിശോധന.

വസ്‌തു തരം മാറ്റുന്നതിന്‌ ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച വസ്‌തു അളക്കാന്‍ വിനോദും അശോകനും എത്തി. ഫയല്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അയയ്‌ക്കണമെങ്കില്‍ 5,000 രൂപ വേണമെന്ന്‌ ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ പരാതിക്കാരന്‍ വിവരം വിജിലന്‍സ്‌ കിഴക്കന്‍ മേഖലാ പോലീസ്‌ സൂപ്രണ്ട്‌ വി.ജി. വിനോദ്‌ കുമാറിനെ അറിയിക്കുകയായിരുന്നു. സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ വിജിലന്‍സ്‌ ഡിവൈ.എസ്‌.പി ഗിരീഷ്‌. പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌.

ഇന്നലെ വൈകിട്ട്‌ 3.20-ന്‌ പുന്നപ്ര വില്ലേജ്‌ ഓഫീസിന്‌ മുന്നില്‍ വച്ച്‌ അശോകന്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവെ വിജിലന്‍സ്‌ സംഘം പിടികൂടുകയായിരുന്നു. അറസ്‌റ്റ്‌ ചെയ്‌ത പ്രതിയെ കോട്ടയം വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്‌ടര്‍മാരായ പ്രശാന്ത്‌ കുമാര്‍. എം.കെ, രാജേഷ്‌ കുമാര്‍. ആര്‍, ജിംസെ്‌റ്റല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ വസന്ത്‌, അസി. സബ്‌ ഇന്‍സ്‌പെക്‌ടര്‍ ജയലാല്‍, സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ ശ്യാം കുമാര്‍, രഞ്ചിത്ത്‌, സനല്‍, ലിജു, സുദീപ്‌, സുരേഷ്‌, റോമിയോ, അനീഷ്‌, മായ, നീതു, മധു കുട്ടന്‍, നിതിന്‍ മാര്‍ഷല്‍, സനീഷ്‌, വിമല്‍ തുടങ്ങിയവരും വിജിലന്‍സ്‌ സംഘത്തില്‍ ഉണ്ടായിരുന്നു.