കടല്‍ മണല്‍ ഖനനം ഗൗരവമുള്ള വിഷയം :വി.ഡി. സതീശൻ

alternatetext

കടല്‍ മണല്‍ ഖനനം ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 12 നോട്ടിക്കല്‍ മൈലിന്‍റെ അകത്ത് നിന്നും പുറത്ത് നിന്നും 48 മീറ്റർ മുതല്‍ 62 മീറ്റർ വരെ ആഴത്തില്‍ കടല്‍ മണല്‍ ഖനനം നടത്താനാണ് കേന്ദ്ര സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലത്ത് ഏറ്റവും കൂടുതല്‍ ധാതുനിക്ഷേപമുള്ള സ്ഥലത്താണ് ഖനനം നടത്തുക. വലിയ കച്ചവടമാണ് നടക്കുന്നത്. ഇല്‍മനൈറ്റും റൂട്ടൈലും ഉള്ള സ്ഥലമാണ്. 745 ദശലക്ഷം ടണ്‍ ആണ് കേരള തീരത്തുള്ളത്. ഒരു ദശലക്ഷം ടണിന് 4700 കോടി രൂപയാണ്. പതിനായിരം കോടി രൂപയുടെ കച്ചവടനത്തിനാണ് സംസ്ഥാന സർക്കാർ കൂട്ടുനില്‍ക്കുകയാണ്.

റോഡ് ഷോയുമായി കേന്ദ്ര മൈനിങ് വകുപ്പിന്‍റെ ആളുകള്‍ കേരളത്തില്‍ വന്നപ്പോള്‍ എല്ലാ സൗകര്യവും ചെയ്തു കൊടുത്തത് സംസ്ഥാന സർക്കാരാണ്. സംസ്ഥാന വ്യവസായ സെക്രട്ടറി റോഡ് ഷോയില്‍ പങ്കെടുക്കുകയും കേരളത്തിന്‍റെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലില്‍ നിന്ന് അവർക്ക് പണം നല്‍കുകയും ചെയ്തു.

വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നപ്പോള്‍ കേന്ദ്ര നീക്കത്തെ എതിർക്കുമെന്നാണ് സർക്കാർ പറഞ്ഞത്. എന്നാല്‍, സർക്കാർ സഹായം നല്‍കുകയാണ് ചെയ്തത്. തീരശോഷണം സംഭവിക്കുന്ന സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാകും. ഒരു കാരണവശാലും കടല്‍ മണല്‍ ഖനനത്തിന് സമ്മതിക്കില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.