കടയ്ക്കല്‍: ദേവീ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായിക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കവേ വിപ്ലവ ഗാനം ആലപിക്കുകയും രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിഹ്നവും പ്രദർശിപ്പിച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്പി.എസ്.പ്രശാന്ത് പ്രശാന്ത് പറഞ്ഞു .ഈകാര്യത്തിൽ ക്ഷേത്രോപദേശക സമിതിക്ക് വീഴ്ച ഉണ്ടായിട്ടുണ്ട്.വിജിലൻസ് എസ്പിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നു പ്രശാന്ത് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും നിറമോ കൊടിയോ ഒന്നും ദേവസ്വങ്ങളില്‍ പാടില്ലെന്നു കോടതി ഉത്തരവുണ്ടെന്ന കാര്യവും ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഓർമപ്പെടുത്തുന്നുണ്ട്.
സംഭവത്തില്‍ വിജിലൻസ് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. വിജിലൻസ് നടത്തുന്ന അന്വേഷണ ഭാഗമായി ക്ഷേത്രോപദേശക സമിതിയോടു വിശദീകരണം തേടിയിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് ലംഘിച്ചതായി കണ്ടെത്തുന്ന പക്ഷം നടപടി സ്വീകരിക്കുമെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു.
ഇക്കഴിഞ്ഞ പത്തിന് ഗായകൻ അലോഷിയുടെ ഗാനമേളയിലായിരുന്നു സംഭവം. ‘പുഷ്പനെ അറിയാമോ’, എന്നത് ഉള്‍പ്പടെയുള്ള വിപ്ലവ ഗാനങ്ങള്‍ ആലപിക്കവേ വേദിയിലെ എല്‍ഇഡി സ്ക്രീനില്‍ സിപിഎം ഡിവൈഎഫ്‌ഐ കൊടികളും ചിഹ്നവും പ്രദർശിപ്പിച്ച സംഭവമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. സിപി എമ്മിന്‍റെ നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതി കടയ്ക്കല്‍, മടത്തറ യൂണിറ്റുകളും ,സി പി എം കടയ്ക്കല്‍ ഏരിയ കമ്മിറ്റിയും ചേർന്നാണ് ഗാനമേള സംഘടിപ്പിച്ചത്.
സദസിന്‍റെ മുൻ നിരയില്‍ ഇരുന്ന ചിലർ ആവശ്യപ്പെട്ടതിനാലാണ് വിപ്ലവ ഗാനം ആലപിച്ചതെന്നാണ് ക്ഷേത്രോപദേശക സമിതിയും ഉത്സവ കമ്മിറ്റി ഭാരവാഹികളും ഇപ്പോള്‍ അവകാശപ്പെടുന്നത്. സിപിഎം നേതാക്കളും പ്രവർത്തകരും ആയിരുന്നു സദസിന്‍റെ മുൻനിരയില്‍ ഉണ്ടായിരുന്നത്. സിപിഎം ജില്ലാ – ഏരിയ-ലോക്കല്‍ നേതാക്കാളും ഉണ്ടായിരുന്നു. ക്ഷേത്രോപദേശക സമിതിയിലും ഉത്സവ കമ്മിറ്റിയിലും ഭാരവാഹികളില്‍ ഭൂരിഭാഗവും സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളും പ്രവർത്തകരുമാണ്.
ഓരോ കരക്കാരും വ്യക്തികളും സംഘടനകളുമാണ് പരിപാടികള്‍ സ്പോണ്‍സർ ചെയ്തതെന്നും അതില്‍ ഇടപെടാൻ കഴിയില്ലെന്നുമാണ് ഇരു കമ്മിറ്റികളും പറഞ്ഞിട്ടുള്ളത്. അലോഷി മടങ്ങും മുൻപ് മൊമന്‍റോനല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.വിക്രമനായിരുന്നു ആദരിക്കുന്നത്. അതേസമയം, നിലവിലുള്ള ക്ഷേത്രോപദേശക സമിതിയുടെ കാലാവധി കഴിഞ്ഞിട്ടും ജൂലൈ 19 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നീട്ടി നല്‍കിയെന്ന വിവരങ്ങളും ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
ക്ഷേത്രത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനം പൂർത്തിയാക്കും വരെ നീട്ടി നല്‍കണമെന്ന ക്ഷേത്രോപദേശക സമിതിയുടെ ആവശ്യം പരിഗണിച്ചാണ് കാലാവധി നീട്ടി നല്‍കിയതെന്നാണ് ഇതിനു ബോർഡ് നല്‍കുന്ന വിശദീകരണം.