കാട്ടാക്കട : കാട്ടാക്കടയില്‍ കള്ളനോട്ട് നിർമാണം നടത്തുന്ന രണ്ടു പേർ പിടിയില്‍ . നോട്ടു നിർമാണത്തിനായി ഉപയോഗിച്ച കമ്ബ്യൂട്ടറും പ്രിന്ററും കള്ളനോട്ടുകളും ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഇവർക്ക് പിന്നില്‍ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പോലീസ് പറയുന്നു. പറണ്ടോടു കീഴ് പാലൂർ ഈന്തിവെട്ട വീട്ടില്‍ ബിനീഷ് (27 ) ,ആര്യനാട് പറണ്ടോട് മുള്ളൻകല്ല് വിജയാ ഭവനില്‍ ജയൻ ( 47) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പോലീസ് പറയുന്നത് ഇങ്ങനെ: പൂവച്ചല്‍ എസ്ബിഐയുടെ സിഡിഎം മെഷീനില്‍ നിക്ഷേപിച്ച 500 ന്റെ എട്ട് നോട്ടുകള്‍ കള്ളനോട്ട് ആണെന്ന് കണ്ടെത്തിയതോടെയാണ് പോലീസ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്. ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേയ്ക്കാണ് പണമിട്ടത്. തുടർന്ന് മറ്റൊരാള്‍ പണം പിൻവലിക്കാൻ എത്തിയപ്പോള്‍ പണം എടുക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ബാങ്ക് അധിക്യതരുമായി ബന്ധപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബാങ്ക് അധികൃതർ പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് ഡീറ്റെയില്‍സ് എന്നിവ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികളെ പിടികൂടിയത്. ബിനീഷ് ആണ് നോട്ട് നിർമാണത്തിലെ പ്രധാനി .
ഇയാളുടെ ബന്ധുവായ ജയന്റെ വീട്ടിലെ ഒരു മുറിയിലാണ് നോട്ട് നിർമാണത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നത്. പോലീസ് നടത്തിയ റയ്ഡില്‍ നൂറിന്റെയും,അഞ്ഞൂറിന്റെയും നോട്ടുകള്‍ ആണ് ഇവർ പ്രിന്റ് ചെയ്യുന്നതെന്ന് പോലീസ് കണ്ടെത്തി. അതേസമയം പ്രതികള്‍ കൂടുതല്‍ നോട്ടുകള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തിട്ടുണ്ടോ എന്നുള്ളതും മറ്റെവിടെയെങ്കിലും നോട്ടുകള്‍ മാറിയെടുത്തിട്ടുണ്ട് എന്നുള്ളതും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.