ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 85 കേന്ദ്രീയ വിദ്യാലയങ്ങളും 28 നവോദയ വിദ്യാലയങ്ങളും ആരംഭിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗ തീരുമാനം. 8232 കോടി രൂപ ചെലവു വരുന്നതാണ് പ്രഖ്യാപനം. കേരളത്തില്‍ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം വരിക..
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനാണ് ഏറ്റവും കൂടുതല്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ അനുവദിച്ചിരിക്കുന്നത്-13 എണ്ണം. ഏറ്റവും കൂടുതല്‍ നവോദയ വിദ്യാലയങ്ങള്‍ (8) അരുണാചല്‍ പ്രദേശിന് ലഭിച്ചു
. 82,560 വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം ലഭിക്കും. പുതിയ കേന്ദ്രീയ വിദ്യാലയങ്ങളില്‍ 5,388 പുതിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്. ഇതിനായി 5,872 കോടി രൂപ വകയിരുത്തി. നവോദയ വിദ്യാലയങ്ങളില്‍ 15,680 വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് അവസരം ലഭിക്കും. 2,360 കോടി രൂപ നവോദയ വിദ്യാലയങ്ങള്‍ക്കായും കേന്ദ്രമന്ത്രിസഭാ യോഗം വകയിരുത്തി.
എല്ലാ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും നവോദയ വിദ്യാലയങ്ങള്‍ക്കും പിഎം ശ്രീ സ്‌കൂള്‍ എന്ന വിശേഷണം ലഭിക്കും. മോസ്കോ, കാഠ്‌മണ്ഡു, ടെഹ്‌റാൻ എന്നിവിടങ്ങളിലടക്കം 1,256 കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 13.56 ലക്ഷം വിദ്യാർത്ഥികളാണ് ഈ കേന്ദ്രീയ വിദ്യാലയങ്ങളിലായി പഠിക്കുന്നത്. നൂതനവും ഗുണനിലവാരമുള്ളതുമായ അധ്യാപനവും കാലികമായ അടിസ്ഥാന സൗകര്യങ്ങളും കാരണം കേന്ദ്രീയ വിദ്യാലയങ്ങള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍റുള്ള സ്‌കൂളുകളാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. എല്ലാ വർഷവും കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.