പത്തനംതിട്ടയിലും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ടയിലും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
alternatetext

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയിലെയും വയനാട്ടിലെയും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്ടില്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

അടുത്ത മൂന്നു ദിവസംവരെ സംസ്ഥാനത്ത് കനത്തമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വയനാട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളില്‍ വ്യാഴാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ ഈ കാലവർഷ സീസണിലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴയാണ് രേഖപ്പെടുത്തിയത്.

ശരാശരി 69.6 മില്ലിമീറ്റർ. കോട്ടയം കിടങ്ങൂരില്‍ 199 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. കേന്ദ്ര ജല കമീഷൻ പ്രളയ മുന്നറിയിപ്പ് സംവിധാന പ്രകാരം പത്തനംതിട്ട ജില്ലയിലെ മഡമണ്‍ സ്റ്റേഷൻ (പമ്ബ നദി), കല്ലൂപ്പാറ സ്റ്റേഷൻ (മണിമല നദി) എന്നിവിടങ്ങളില്‍ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.