‘സേഫ് സോണ്‍ 2024 – 25’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

'സേഫ് സോണ്‍ 2024 - 25' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
alternatetext

ശരണ പാതകള്‍ സുരക്ഷിതമാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്ത് ചെയ്തുവരുന്ന ‘സേഫ് സോണ്‍ 2024 – 25’ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് ഇലവുങ്കല്‍ വച്ച്‌ നടക്കും. മുൻ കാലങ്ങളില്‍ ശബരിമലയിലേക്കുള്ള കാനന പാതകളില്‍ വാഹന അപകടങ്ങളും ബ്രേക്ക് ഡൗണുകളും പതിവാകുകയും സഹായത്തിനായി തീർത്ഥാടകർ മണിക്കൂറുകളോ ദിവസങ്ങളോ വനത്തിന് നടുവില്‍ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാവുകയും ചെയ്തതോടെയാണ് 24 മണിക്കൂർ പട്രോളിംഗും പ്രഥമ ശുശ്രൂഷ, എല്ലാ പ്രധാന വാഹന നിർമ്മാതാക്കളുടേയും ബ്രേക്ക് ഡൗണ്‍ അസിസ്റ്റൻസ് എന്നിവ ഉള്‍പ്പെടുത്തി ‘സേഫ് സോണ്‍’ എന്ന ആശയം നടപ്പിലാക്കിയത്.

തുടക്കത്തില്‍ പത്തനംതിട്ട കേന്ദ്രീകരിച്ചും പിന്നീട് വടശ്ശേരിക്കരയിലും അടുത്ത വർഷം മുതല്‍ ഇലവുങ്കല്‍ കേന്ദ്രീകരിച്ചും സേഫ് സോണ്‍ പദ്ധതി പ്രാവർത്തികമാക്കി. പത്തനംതിട്ട – പമ്ബ, എരുമേലി – പമ്ബ, കുമളി – പമ്ബ എന്നീ റൂട്ടുകളില്‍ 24 മണിക്കൂറും പട്രോളിംഗും ഇലവുങ്കല്‍ മെയിൻ കണ്‍ട്രോള്‍ റൂമും, എരുമേലി, കുട്ടിക്കാനം ഇവിടങ്ങളില്‍ സബ് കണ്ട്രോള്‍ റൂമുകളും പ്രവർത്തിക്കുന്നു. ഈ റൂട്ടുകളില്‍ ഓരോ കിലോമീറ്റർ അകലത്തില്‍ ദിശ സൂചകങ്ങള്‍ ഹെല്‍പ് ലൈൻ നമ്ബറോടുകൂടി സ്ഥാപിക്കുന്നു. ഇത് കാനന മേഖലകളില്‍ അയ്യപ്പഭക്തർക്ക് അവരുടെ സ്ഥലം വളരെ വേഗം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാൻ ഉപകാരപ്പെടും.

അയ്യപ്പ ഭക്തർക്ക് വേണ്ടുന്ന മിക്കവാറും എല്ലാ സേവനങ്ങളും സേഫ് സോണിനു വേണ്ടി മറ്റു ഡിപ്പാർട്ടുമെന്റുകളായ ഫയർ ഫോഴ്‌സ്, പൊലീസ്, വനം, ആരോഗ്യം എന്നിവയുടെ സഹകരണത്തോടെ നല്‍കുവാൻ കഴിയുന്നുണ്ട്. ബ്രേക്ക് ഡൗണ്‍ അസിസ്റ്റൻസ്, റിക്കവറി, പ്രഥമശുശ്രൂഷ, എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുവാൻ കഴിയുന്നുണ്ട്. ഈ പരിശ്രമങ്ങളിലൂടെ കാനന പാതയിലെ വാഹന അപകടവും അതുമൂലമുള്ള മരണവും കുറക്കുവാനും ഇല്ലാതാക്കുവാനും ‘സേഫ് സോണ്‍’ പ്രവർത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പദ്ധതി നടത്തിപ്പിന് ഹൈക്കോടതിയും നേരത്തെ മോട്ടോർ വാഹന വകുപ്പിനെ അഭിനന്ദിച്ചിരുന്നു. ഹെല്‍പ്പ് ലൈൻ നമ്ബറുകള്‍ : 9400044991, 9562318181