ന്യൂഡല്‍ഹി: മുസ്‍ലിം സമുദായ നേതാക്കളുടെയും സംഘടനകളുടെയും കടുത്ത പ്രതിഷേധം വകവെക്കാതെ വഖഫ് ദേഭഗതി ബില്‍ ഇന്ന് ലോക്സഭയില്‍.
12 മണിക്കൂർ ചർച്ചക്കായി സമയം അനുവദിക്കണമെന്ന ആവശ്യം തള്ളിയതിനെ തുടർന്ന് പാർലമെന്റിന്റെ കാര്യോപദേശക സമിതി (ബി.എ.സി) യോഗത്തില്‍നിന്ന് പ്രതിപക്ഷ എം.പിമാർ ഇറങ്ങിപ്പോയതിന് പിന്നാലെയാണ് ബുധനാഴ്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു പാസാക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കൂടിയായ ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്.
ഭരണമുന്നണിയായ എൻ.ഡി.എയും പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസും സഭയില്‍ ഹാജരുണ്ടാകണമെന്ന് എം.പിമാർക്ക് വിപ്പ് നല്‍കി. എട്ട് മണിക്കൂർ ചർച്ച നടത്തി ബുധനാഴ്ചതന്നെ ബില്‍ ലോക്സഭയില്‍ പാസാക്കുമെന്നും തുടർന്ന് രാജ്യസഭയിലേക്ക് വിടുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
വഖഫ് ബില്ലിനെ ഒറ്റക്കെട്ടായി നേരിടാൻ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തില്‍ പാർലമെന്റ് മന്ദിരത്തില്‍ ചേർന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം തീരുമാനിച്ചു. പാർലമെന്റ് ബജറ്റ് സമ്മേളനം തുടങ്ങിയത് തൊട്ട് ഭിന്നിച്ചുനിന്നിരുന്ന ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളെയെല്ലാം വഖഫ് ബില്‍ വീണ്ടും ഒന്നിപ്പിക്കുന്നത് യോഗത്തില്‍ കണ്ടു. യോഗം വഖഫ് ബില്ലില്‍ വിശദമായ ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
കെ.സി. വേണുഗോപാല്‍, ഗൗരവ് ഗോഗോയ്, പ്രമോദ് തിവാരി, കൊടിക്കുന്നില്‍ സുരേഷ് (കോണ്‍ഗ്രസ്) ടി.ആർ. ബാലു, കനിമൊഴി, തിരുച്ചി ശിവ (ഡി.എം.കെ), ഫൗസിയ ഖാൻ (എൻ.സി.പി), സഞ്ജയ് സിങ് (ആം ആദ്മി പാർട്ടി), കല്യാണ്‍ ബാനർജി, നദീമുല്‍ഹഖ് (തൃണമുല്‍ കോണ്‍ഗ്രസ്), പ്രിയങ്ക ചതുർവേദി (ശിവസേന ഉദ്ധവ് വിഭാഗം), മനോജ് ഝാ (ആർ.ജെ.ഡി), വൈക്കോ (എം.ഡി.എം.കെ), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ്-എം), ഫ്രാൻസിസ് ജോർജ് (കേരള കോണ്‍ഗ്രസ്), ജോണ്‍ ബ്രിട്ടാസ് (സി.പി.എം), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്.പി), സന്തോഷ് കുമാർ (സി.പി.ഐ), രാം ഗോപാല്‍ യാദവ് (എസ്.പി), ജാവേദ് അലി ഖാൻ, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുല്‍ വഹാബ് (മുസ്‍ലിം ലീഗ്) തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.
കത്തോലിക്ക ബിഷപ്പുമാർ ബി.ജെ.പി നിലപാടിനൊപ്പം നിന്ന പശ്ചാത്തലത്തില്‍ യു.ഡി.എഫ് എം.പിമാർ കെ.സി. വേണുഗോപാലിന്റെ വസതിയിലും യോഗം ചേർന്നു.