കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ സജ്ജം

alternatetext

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് ഉൾപ്പെടെയുള്ള അത്യാധുനിക ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമായി. കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് 14 ഓപ്പറേഷൻ തീയറ്ററുകൾ പ്രവർത്തനസജ്ജമാക്കിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഇവിടെ നടക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി ആരംഭിച്ചിരുന്നു. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങൾ സജ്ജമാക്കാൻ നിർദേശം നൽകിയത്. ഇതിന്റെ ഭാഗമായാണ് പുതിയ ഓപ്പറേഷൻ തീയറ്ററുകളിൽ അവയവം മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങൾ കൂടിയൊരുക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ കാർഡിയോ വാസ്‌കുലാർ സർജറി, യൂറോളജി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങൾക്കുള്ള ഓപ്പറേഷൻ തീയേറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളുമാണ് പ്രവർത്തനമാരംഭിച്ചത്. ഓരോ വിഭാഗത്തിനുമായി 20 ഐസിയു കിടക്കകൾ സജ്ജമാക്കി. എമർജൻസി മെഡിസിൻ വിഭാഗം നേരത്തെ തന്നെ ഈ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങിയിരുന്നു. 5 സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കൊപ്പം അനസ്തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.

സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയ്ക്ക് മാത്രമായുള്ള ബ്ലോക്ക് 2023 മാർച്ച് മാസത്തിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. 195.93 കോടി രൂപ ചെലവഴിച്ചുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, 7 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ഭാവിയുടെ വികസനം കൂടി മുന്നിൽ കണ്ടാണ് സജ്ജമാക്കിയത്.

190 ഐസിയു കിടക്കകളിൽ 20 കിടക്കകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ കിഡ്നി ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ തലയ്ക്ക് പരിക്കേറ്റവർക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് മാറ്റിവച്ചിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്. വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ആധുനിക സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാൾട്ട് തെറാപ്പി, ലീനിയർ ആക്സിലറേറ്റർ, പെറ്റ് സ്‌കാൻ എന്നീ സൗകര്യങ്ങളുമുണ്ട്. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ കോഴ്സുകൾ ആരംഭിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിലാണ്. ഇത് കൂടാതെ കോഴിക്കോട് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ടും സ്ഥാപിക്കുന്നു.