തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്‌എഫ്കെയ്ക്ക് ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍, എംഎല്‍എ വി.കെ പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി.സുരേഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുക്കും.
(29th IFFK) ഹോങ്കോംഗില്‍നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ വിഖ്യാത ബ്രസീലിയന്‍ സംവിധായകന്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം ഐ ആം സ്റ്റില്‍ ഹിയര്‍ പ്രദർശിപ്പിക്കും.