രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

alternatetext

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന പരാതിയിലാണ് പാലക്കാട്ടെ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പാലക്കാട്ട് കാല്‍ കുത്താന്‍ അനുവദിക്കില്ലെന്ന് മേല്‍ഘടകം തീരുമാനിച്ചാല്‍ പിന്നെ രാഹുലിന്റെ കാല്‍ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടി വരുമെന്നുമായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്റെ കൊലവിളി പ്രസംഗം. പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്‌എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെയാണ് വീണ്ടും ഭീഷണി മുഴക്കിയത്.

അതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലേക്കുള്ള പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ബിജെപി-സിപിഎം പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നിന്നു.