ഹണിട്രാപ്പ്:യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടി

ഹണിട്രാപ്പ്:യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടി
alternatetext

മലപ്പുറം: യുവവ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത് തന്ത്രപരമായി. മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മാവൂര്‍ ചെറുവാടി സ്വദേശി ഹര്‍ഷാദ്(34) എന്നിവരെ തിരൂരങ്ങാടി പോലീസ് സംഘം ദേശീയപാതയിലെ കോഹിനൂരില്‍വെച്ച്‌ കസ്റ്റഡിയിലെടുത്തത്.

വിവിധയിടങ്ങളിലായി ഒട്ടേറെ സംരംഭങ്ങള്‍ നടത്തുന്നയാളാണ് പരാതിക്കാരനായ 27-കാരൻ. കേസിലെ മുഖ്യപ്രതിയായ മുബഷിറ നേരത്തെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. അടുത്തിടെ ഇവിടെനിന്ന് ജോലിവിടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് യുവതി പരാതിക്കാരനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്.

ലൈംഗികബന്ധത്തിലേര്‍പ്പെട്ടശേഷം ഗര്‍ഭിണി ആയെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടിവന്നെന്നും ഈ വിവരം പുറത്തറിയാതിരിക്കാൻ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കുമെന്നും ബന്ധപ്പെട്ടവിവരങ്ങള്‍ പുറത്തറിയിക്കുമെന്നും യുവതി പറഞ്ഞിരുന്നു.

യുവതിയുടെ ഭീഷണിയെത്തുടര്‍ന്ന് പരാതിക്കാരൻ ആദ്യം 50,000 രൂപ കൈമാറി. കഴിഞ്ഞ 27-ന് കൊളപ്പുറത്ത് വെച്ചാണ് പണം നല്‍കിയത്. മുബഷിറയും ഹര്‍ഷാദും പണം കൈപ്പറ്റുന്ന ദൃശ്യങ്ങളും തെളിവിനായി പരാതിക്കാരന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയിരുന്നു.

എന്നാല്‍, ഇതിനുശേഷവും മുബഷിറ കൂടുതല്‍പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നു.കൂടുതല്‍തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യാപാരി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ബാക്കി പണം ചെക്ക് ആയി നല്‍കാമെന്ന് പറഞ്ഞ് പോലീസ് സംഘം പ്രതികളെ കോഹിനൂരിലേക്ക് വിളിച്ചുവരുത്തി. പരാതിക്കാരൻ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റോഡരികില്‍ കാത്തുനിന്നു. പിന്നാലെ പ്രതിയായ ഹര്‍ഷാദും ഇവിടേക്കെത്തി. ഇതോടെ സമീപത്തായി മഫ്ത്തിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. പിന്നാലെ മുബഷിറയും കസ്റ്റഡിയിലായി. .

പോലീസിന്റെ പിടിയിലായതിന് പിന്നാലെ താൻ ബി.ഡി.എസ്. ബിരുദധാരിയാണെന്നും ഡോക്ടറാണെന്നുമാണ് മുബഷിറ അവകാശപ്പെട്ടത്. ഡോക്ടറുടെ വേഷത്തിലുള്ള ചില ഫോട്ടോകളും യുവതിയുടെ ഫോണിലുണ്ടായിരുന്നു. എന്നാല്‍, യുവതി പഠിച്ചതായി അവകാശപ്പെട്ട കോളേജില്‍ പോലീസ് അന്വേഷണം നടത്തുകയും യുവതിയുടെ മൊഴി കളവാണെന്നും ബോധ്യപ്പെട്ടു. അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വ്യാപാരി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി, തിരൂരങ്ങാടി പോലീസിന് കൈമാറുകയും എസ്.എച്ച്‌.ഒ. കെ.ടി.ശ്രീനിവാസൻ, എസ്.ഐ.മാരായ എൻ.ആര്‍.സുജിത്ത്, പി.രഞ്ജിത്ത് എന്നിവരടങ്ങിയ സംഘം കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു