കൊച്ചി: നിക്ഷേപത്തുക തിരികെ നല്‍കാത്തതടക്കം സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ളത് 125 ഹരജികള്‍. ഇതില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നവ 50 എണ്ണത്തില്‍ താഴെ. കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ 50ലേറെ പരാതികള്‍ തീർപ്പാക്കിയിരുന്നു. 16,000 സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവർത്തിക്കുമ്ബോള്‍ വിരലിലെണ്ണാവുന്നവക്കെതിരെ മാത്രമാണ് ആരോപണങ്ങളുയരുന്നതെന്ന വാദമുയർത്തിയാണ് സർക്കാർ കോടതിയിലടക്കം പിടിച്ചുനില്‍ക്കുന്നത്.
സഹകരണ നിയമ ഭേദഗതി ബില്‍ ഗവർണർ ഒപ്പിട്ടതോടെ സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധിക്കും നിക്ഷേപകർക്ക് പണം തിരികെ നല്‍കാനാകാത്ത പ്രശ്നങ്ങള്‍ക്കും അറുതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇതിനിടെയാണ് മകളുടെ വിവാഹത്തിന് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവമുണ്ടായിരിക്കുന്നത്.
നിക്ഷേപത്തുക തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ പരിഗണനക്കെത്തുന്ന സാഹചര്യത്തില്‍ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടിയിരുന്നു. ഇത്തരം സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും നിക്ഷേപം തിരികെ നല്കാൻ സ്വീകരിക്കുന്ന മാർഗങ്ങളെന്തെന്നും അറിയിക്കാനും നിർദേശിച്ചിരുന്നു. പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളെ താങ്ങിനിർത്താൻ ‘സഹകരണ സംരക്ഷണ നിധി’ക്ക് രൂപം നല്കാൻ പദ്ധതിയിട്ടെങ്കിലും ഇത് സംബന്ധിച്ച ബില്‍ ഗവർണർ ഒപ്പിടാത്തതിനാല്‍ വ്യക്തമായ പരിഹാര നടപടികളില്ലാതെ സർക്കാർ വെട്ടിലായ അവസ്ഥയിലായിരുന്നു.
എന്നാല്‍, സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന മേയ് 22ന് മുമ്ബ് പദ്ധതിയുടെ കരടുരേഖ സമർപ്പിച്ച് കോടതിയുടെ അതൃപ്തി മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.