തിരുവനന്തപുരം: വാഴമുട്ടം ഗവണ്‍മെൻറ് ഹൈസ്കൂളില്‍ നിന്ന് ലാപ്ടോപ്പുകള്‍, പ്രൊജക്ടറുകള്‍ എന്നിവ മോഷണംപോയ സംഭവത്തില്‍ വമ്ബൻ വഴിത്തിരിവ്. കേസ് അന്വേഷണം നടക്കുന്നതിനിടെ മോഷണമുതല്‍ പ്രധാനാധ്യപികയുടെ വീടിൻറെ മതിലിനു മുകളില്‍ കൊണ്ടുവെച്ച നിലയില്‍ കണ്ടെത്തി. ഒപ്പം, ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും പോലീസ് കണ്ടെടുത്തു.
ക്രിസ്മസ് അവധി കഴിഞ്ഞ് ഒന്നാംതീയതി സ്കൂള്‍ തുറന്നപ്പോഴാണ് ക്ലാസ് മുറികളില്‍ ഉണ്ടായിരുന്ന നാല് പ്രൊജക്ടറുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവ മോഷണം പോയതായി കാണുന്നത്. കോവളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ വ്യാഴാഴ്ച രാവിലെ സ്കൂളിലെ പ്രഥമാധ്യാപിക ജി.എസ്. ശ്രീജയുടെ പനങ്ങോട്ടുള്ള വീടിൻറെ മതിലിന് മുകളിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മോഷണ വസ്തുക്കളും ഒപ്പം കത്തും കണ്ടെത്തിയത്. തൻറെ അറിവില്ലായ്മകൊണ്ട് ചെയ്തുപോയതാണെന്നും ക്ഷമിക്കണമെന്നും തെറ്റ് മനസ്സിലാക്കുന്നെന്നും കത്തില്‍ പറയുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും കത്തില്‍ എഴുതിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സ്കൂളില്‍നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ വ്യക്തത വരൂ എന്ന് അന്വേഷണത്തിന് നേതൃത്വംനല്‍കുന്ന കോവളം എസ്.എച്ച്.എസ്. ബി. ജോയ് അറിയിച്ചു