നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാവിരുദ്ധ നിലപാടെടുക്കുന്നു, ജനാധിപത്യ ഭരണത്തിന് ഭീഷണിയാകുന്നു തുടങ്ങി രൂക്ഷ ആരോപണങ്ങളുമായി കേരളം സുപ്രീംകോടതിയില്‍. മുൻ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ നിയമോപദേശപ്രകാരം ഇന്നലെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉടക്കി നില്ക്കുന്ന ഗവര്‍ണറെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. വേണുഗോപാല്‍ തന്നെയാകും സര്‍ക്കാരിനുവേണ്ടി ഹാജരാവുക.
സുപ്രീംകോടതിയെ സമീപിക്കാൻ രണ്ടു മാസം മുൻപ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നീണ്ടുപോവുകയായിരുന്നു. ചീഫ് സെക്രട്ടറിക്കുപുറമേ പ്രേരാമ്ബ്രയിലെ സി.പി.എം എം.എല്‍.എ ടി.പി. രാമകൃഷ്ണനുമാണ് ഹര്‍ജിക്കാര്‍. വിവാദ കേരള ലോകായുക്ത നിയമ ഭേദഗതി, ഗവര്‍ണറെ ചാൻസലര്‍ സ്ഥാനത്തു നിന്ന് നീക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ഉള്‍പ്പെടെ എട്ട് പ്രധാന ബില്ലുകളിലാണ് ഗവര്‍ണര്‍ തീരുമാനം നീട്ടുന്നത്.
ഇതോടെ ഗവര്‍ണര്‍മാര്‍ക്കെതിരെ പരമോന്നത കോടതിയെ സമീപിച്ച പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി. തമിഴ്നാട്, പഞ്ചാബ്, പശ്ചിമബംഗാള്‍ സര്‍ക്കാരുകളുടെ ഹര്‍ജികളാണ് പരിഗണനയിലുള്ളത്.