മലയാള സിനിമയ്ക്ക് വീണ്ടും ഒരു ലോക റെക്കോർഡ്. ഒരു സിനിമയിൽ ഏറ്റവും കൂടുതൽ ക്രെഡിറ്റ്സ് കൈകാര്യം ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന ചലച്ചിത്രത്തിലൂടെ ആൻറണി എബ്രഹാം പൂർത്തിയാക്കുന്നത്. 2015 ൽ പുറത്തിറങ്ങിയ ഓർമ്മകളിൽ ഒരു മഞ്ഞുകാലം എന്ന ചലചിത്രത്തിന്റെ രചന, സംഗീതം, സംവിധാനം എന്നിവ നിർവഹിച്ചു കൊണ്ടാണ് ആൻറണി എബ്രഹാം ചലച്ചിത്ര മേഖലയിൽ സജീവമാകുന്നത്.
ആൻറണി എബ്രഹാം. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന ചിത്രത്തിൽ, രചന, സംഗീതം, സിനിമട്ടോഗ്രാഫി, എഡിറ്റിംഗ്, ആർട്ട്,ഫൈറ്റ്, ഗാനാലാപനം, അഭിനയം, സംവിധാനം തുടങ്ങി 30 ഓളം വിഭാഗങ്ങളാണ് ഒന്നിച്ച് കൈകാര്യം ചെയ്തിരിക്കുന്നത്. ലോക സിനിമയിൽ തന്നെ ഇത്തരം റെക്കോർഡുകളിൽ പ്രധാനപ്പെട്ടത്, 2012 ൽ പുറത്തിറങ്ങിയ “ചൈനീസ് സോഡിയാക് ” എന്ന ചലച്ചിത്രത്തിൽ, 15 വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ജാക്കിചാൻ ഇട്ട റെക്കോർഡ് ആണ്.
തുടർന്ന് 2021ൽ ഡൽഹി സ്വദേശിയായ പ്രഭാത കുമാര്‍ മിശ്ര “ഫദ്ഫദ”
എന്ന ഹിന്ദി സിനിമയിലൂടെ ഇരുപത്തിയൊന്ന് വിഭാഗങ്ങൾ സ്വന്തമായി കൈകാര്യം ചെയ്തു കൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു. ഇതിനെ മറികടന്നു കൊണ്ടാണ് 30 വിഭാഗങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് പുതിയ വേൾഡ് റെക്കോർഡിലേക്ക് ആന്റണി എബ്രഹാം എത്തുന്നത്.
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ് ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ നേlടിയിട്ടുള്ള ആൻറണി എബ്രഹാം, 2020 ൽ റിലീസായ ഓനാൻ എന്ന ചലച്ചിത്രത്തിലൂടെ, സംഗീത സംവിധായകൻ എന്ന നിലയിൽ, തമിഴ് ഫിലിം ഇൻഡസ്ട്രിയിലും സുപരിചിതനാണ്. കൂടാതെ,നിരവധി പരസ്യ ചിത്രങ്ങളിലൂടെയും, സംഗീത ആൽബങ്ങളിലൂടെയും,എഴുത്തുകാരനും കമ്പോസറും സംവിധായകനുമായും പ്രവർത്തിച്ചുവരുന്നു.
എറ്റ്സാ ക്രിയേഷന്റെ ബാനറിൽ സുഹൃത്തുക്കൾ ചേർന്ന് നിർമ്മിക്കുന്ന സത്യം നിങ്ങളെ സ്വതന്ത്രരാക്കും. എന്ന ചലച്ചിത്രത്തിൽ ഓപ്പൺ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത അൻപതോളം പുതുമുഖങ്ങൾ ആണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് മെയ് മാസം ആദ്യവാരത്തിൽ മലയാളം ഉൾപ്പെടെ പ്രമുഖ ഭാഷകളിൽ ചിത്രം തീയറ്റർ റിലീസ് ചെയ്യും.