വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാര്‍ച്ച് 13-ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നായിരുന്നു ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടത്.
രണ്ട് മാസത്തെ വിശ്രമമായിരുന്നു ഡോക്ടർമാർ മാർപാപ്പയ്ക്ക് നിർദ്ദേശിച്ചിരുന്നത്. ആശുപത്രി വിടുന്നതിന് മുമ്ബ് ജെമെല്ലി ആശുപത്രിയിലെ പത്താം നിലയിലെ മുറിയുടെ ജനാലയ്ക്കരികില്‍ നിന്ന് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തിരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1,272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ശാരീരിക അവശതകള്‍ മൂലം ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്.